തിരുവനന്തപുരം: ബിജെപി നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് നിയമത്തില്‍ മാറ്റം വരുത്തിയതുകൊണ്ടുമാത്രമാണ് സിപിഎം ദേശീയ പാര്‍ട്ടിയായി തുടരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇതിനായി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വാജ്‌പേയിയെ പോയി കാണുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിനു ശേഷം സിപിഎം ദേശീയ പാര്‍ട്ടിയായി തുടരുമെന്ന് ആ പാര്‍ട്ടിക്കാര്‍ പോലും വിലയിരുത്തുന്നില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
നാലു സംസ്ഥാനങ്ങളില്‍നിന്നായി ആറു ശതമാനം വോട്ടു കിട്ടണം എന്നതായിരുന്നു ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡം. 1999ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അത്രയും വോട്ടുകള്‍ ലഭിച്ചില്ല. അവര്‍ക്കു ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോള്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയെ കാണുകയായിരുന്നു. ദേശീയ പാര്‍ട്ടി പദവിക്കുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു ആവശ്യം- ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്നു വാജ്‌പേയ് സിപിഎം നേതാക്കളെ പുറംകാലുകൊണ്ടു തട്ടുകയല്ല ചെയ്തത്. മൂന്നു സംസ്ഥാനങ്ങളില്‍നിന്നു രണ്ടു ശതമാനം സീറ്റ് നേടിയാല്‍ ദേശീയ പാര്‍ട്ടിയായി പരിഗണിക്കപ്പെടാമെന്ന നിയമ ഭേദഗതി കൊണ്ടുവന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സിപിഎം ദേശീയ പാര്‍ട്ടിയായി തുടരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്‍പതു സീറ്റാണ് സിപിഎമ്മിനു കിട്ടിയത്. രണ്ടു സ്വതന്ത്രരെക്കൂടി സ്വന്തം കണക്കില്‍ പെടുത്തിയാണ് ദേശീയ പാര്‍ട്ടിയായി നില്‍ക്കുന്നത്. ഈ തെരഞ്ഞെടുപ്പിനു ശേഷം അത്രയും സീറ്റ് അവര്‍ക്കു കിട്ടുമെന്ന് ആരും പറയില്ല.
2004ല്‍ നാല്‍പ്പത്തിയൊന്നു സീറ്റുണ്ടായിരുന്ന പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസുമായി ചേര്‍ന്നതാണ് അവരുടെ തകര്‍ച്ചയ്ക്കു കാരണമായത്. അന്ധമായ ബിജെപി വിരോധം കൊണ്ട് ലിക്വിഡേഷന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ് സിപിഐയും സിപിഎമ്മുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
സംസ്ഥാനത്ത് ഉയര്‍ന്നിട്ടുള്ള കള്ളവോട്ട് ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വ്യാപകമായി കള്ളവോട്ടു നടന്നതായാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിജെപി നിലപാട്. ആറ്റിങ്ങല്‍ പ്രസംഗത്തിന്റെ പേരില്‍ തന്റെ പേരിലെടുത്തത് വ്യാജമായ കേസാണ്. ഇതില്‍ തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നല്‍കിയിട്ടുണ്ട്. പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് രണ്ടു തവണ വിളിച്ചെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates