തിരുവനന്തപുരം: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം എം എല്‍ എ. ഈ വാര്‍ത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആള്‍ക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയില്‍ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പൊലീസ് സ്റ്റേറ്റാണ്, ഫാഷിസമാണ്. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല. ഇപ്പോള്‍ നടന്നത് പൊലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യന്‍ പൊലീസെന്നും ബൽറാം കുറിപ്പിൽ അഭിപ്രായപ്പെടുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം, എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല.
ഇപ്പോള്‍ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യന്‍ പോലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വാര്‍ത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആള്‍ക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയില്‍ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പോലീസ് സ്റ്റേറ്റാണ്, ഫാഷിസമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates