കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ സ്ത്രീധനമായി നല്‍കാമെന്നു പറഞ്ഞിരുന്ന തുക അടുത്താഴ്ച ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തിക്കാനിരിക്കെയാണു തുഷാരയുടെ ദാരുണമരണമെന്ന് പൊലീസ്. രണ്ടു ലക്ഷം രൂപയാണ് സ്ത്രീധനം പറഞ്ഞിരുന്നതെങ്കിലും ഇതു നല്‍കാന്‍ വൈകിയതിനാല്‍ മൂന്നുലക്ഷം നല്‍കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇതിനായി ബാങ്ക് വായ്പയും കുടുംബം തരപ്പെടുത്തിയിരുന്നു. തുക ഈ മാസം ആദ്യം ലഭിക്കുമായിരുന്നു. വിവാഹം കഴിഞ്ഞുള്ള 5 വര്‍ഷത്തിനിടെ 3 തവണ മാത്രമാണു തുഷാര സ്വന്തം വീട്ടില്‍ എത്തിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നഗരസഭയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ താലിമാല മാറിയതു ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു. അന്വേഷണത്തില്‍ വീട്ടുകാര്‍ നല്‍കിയ 20 പവന്‍ സ്വര്‍ണം മാറ്റി ഭര്‍തൃവീട്ടുകാര്‍ അതേ രീതിയിലുള്ള മുക്കുപണ്ടം തുഷാരയ്ക്കു നല്‍കിയതായി മനസ്സിലായിരുന്നു. വിവാഹത്തിന്റെ കടങ്ങള്‍ മൂലമാണെന്ന ധാരണയില്‍ തുഷാരയുടെ വീട്ടുകാര്‍ കുടുതല്‍ അന്വേഷിച്ചില്ല. രണ്ടു കുട്ടികളുടെ പ്രസവത്തിനു വിളിക്കാന്‍ ചെന്നപ്പോഴും തുഷാരയെ വീട്ടിലേക്ക് അയയ്ക്കാന്‍ ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
ഭര്‍തൃവീട്ടില്‍ കൊടിയപീഡനങ്ങളായിരുന്നെന്ന ഒരു സൂചനയും തുഷാരയും വീട്ടുകാര്‍ക്കു നല്‍കിയിരുന്നില്ല. തനിക്കു സുഖമാണെന്നും നിങ്ങളാരും വിളിക്കുകയോ വരുകയോ ചെയ്യാതിരിക്കുന്നതാണു നല്ലതെന്നുമാണു അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഭര്‍ത്താവ് ബിനുലാല്‍ ഭാര്യാവീട്ടില്‍ വിളിച്ച് സ്ത്രീധനത്തുക ആവശ്യപ്പെടുമായിരുന്നെന്നു തുഷാരയുടെ മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ പീഡിപ്പിക്കപ്പെടുന്ന വിവരം അറിഞ്ഞിരുന്നെങ്കില്‍ അവളെ എങ്ങനെയെങ്കിലും തങ്ങള്‍ രക്ഷിച്ചേനെ എന്നു പറഞ്ഞ് മാതാപിതാക്കള്‍ വിതുമ്പി.
കേസില്‍ ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ദേശീയ വനിതാ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. അതേസമയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത തുഷാരയുടെ മക്കളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരുന്നു.
ഈ മാസം ഇരുപത്തിയൊന്നാം തീയതി രാത്രിയാണ് കരുനാഗപ്പള്ളി സ്വദേശിയായ തുഷാര ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്.മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates