സ്വതന്ത്ര ഇന്ത്യയിലെ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി നോട്ടു നിരോധനം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക്. കള്ളനോട്ട് പിടിക്കാന്‍ അര്‍ദ്ധരാത്രി നോട്ട് നിരോധിക്കേണ്ട ആവശ്യമില്ല. മൂന്നു മാസത്തെ സാവകാശം നല്‍കി നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചാലും കള്ളനോട്ടെല്ലാം റദ്ദാകും. ഇപ്പോള്‍ ഒരു കാര്യം വ്യക്തമായിട്ടുണ്ട്. ബാങ്കുകളിലെ തിക്കിലും തിരക്കിലും ഡെപ്പോസിറ്റ് ചെയ്ത നോട്ട് മുഴുവന്‍ പരിശോധിക്കാന്‍ നേരം കിട്ടിയില്ല. അതുകൊണ്ട് കള്ളനോട്ടുകളില്‍ നല്ലൊരു പങ്ക് വെളുപ്പിക്കാന്‍ നോട്ട് നിരോധനം അവസരമൊരുക്കിയെന്ന അദ്ദേഹം തന്‍രെ ഫേസ്ബുക്ക പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ കുപ്രസിദ്ധ പ്രസംഗം നടക്കുമ്പോള്‍ തിരക്കിലായിരുന്നു. അതുകൊണ്ട് പ്രസംഗം കഴിഞ്ഞാണ് വിവരം അറിയുന്നത്. ഇത് എന്ത് ഭ്രാന്ത് എന്നായിരുന്നു ആദ്യ ചിന്ത. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആന മണ്ടത്തരമായിരിക്കുമെന്നതിനെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷെ ചാടിക്കയറി അഭിപ്രായം പറയണമോ? എന്തെങ്കിലുമൊന്ന് കാണാതെ പ്രധാനമന്ത്രി ഇങ്ങനെ പ്രഖ്യാപിക്കുമോ? നേരം വെളുക്കുന്നതുവരെ കാത്തിരുന്നുകൂടേ? ഇങ്ങനെയൊക്കെ ചോദിച്ചവരുണ്ടായിരുന്നു. ഏതാനും പത്രക്കാര്‍ വന്നുകഴിഞ്ഞിരുന്നു. കുറയ്‌ക്കേണ്ട, മുഴുവന്‍ പേരെയും വിളിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നോട്ട് നിരോധനത്തിനെതിരായ രാജ്യത്തെ ആദ്യത്തെ പത്രസമ്മേളനം നടന്നത്. ഇന്ന് ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ നോട്ട് റദ്ദാക്കല്‍ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ വിമര്‍ശനങ്ങളെ ശരിവച്ചിരിക്കുന്നു.
1) കള്ളനോട്ട് പിടിക്കാന്‍ അര്‍ദ്ധരാത്രി നോട്ട് നിരോധിക്കേണ്ട ആവശ്യമില്ല. മൂന്നു മാസത്തെ സാവകാശം നല്‍കി നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചാലും കള്ളനോട്ടെല്ലാം റദ്ദാകും. ഇപ്പോള്‍ ഒരു കാര്യം വ്യക്തമായിട്ടുണ്ട്. ബാങ്കുകളിലെ തിക്കിലും തിരക്കിലും ഡെപ്പോസിറ്റ് ചെയ്ത നോട്ട് മുഴുവന്‍ പരിശോധിക്കാന്‍ നേരം കിട്ടിയില്ല. അതുകൊണ്ട് കള്ളനോട്ടുകളില്‍ നല്ലൊരു പങ്ക് വെളുപ്പിക്കാന്‍ നോട്ട് നിരോധനം അവസരമൊരുക്കി.
2) കള്ളപ്പണം പിടിക്കാനും മൂന്നു മാസത്തെ സാവകാശം നല്‍കിയതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കില്ലെന്ന വാദം അംഗീകരിക്കാന്‍ സുഹൃത്തുക്കള്‍ പോലും തയ്യാറായില്ല. സമയം കൊടുത്താല്‍ പലവിധ ബിനാമി ഏര്‍പ്പാടിലൂടെ നോട്ടുകള്‍ മുഴുവന്‍ ബാങ്കില്‍ എത്തും എന്നായിരുന്നു പൊതുവിശ്വാസം. പക്ഷേ ഇപ്പോള്‍ അര്‍ദ്ധരാത്രി പൊടുന്നനെ നോട്ട് റദ്ദാക്കിയിട്ടും 99 ശതമാനം നോട്ടും തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക് ഔദ്യോഗികമായി അംഗീകരിച്ചില്ലേ?
3) കള്ളപ്പണം ബാങ്കില്‍ തിരിച്ചെത്തില്ലെന്ന ഉറച്ച വിശ്വാസക്കാരായിരുന്നു ധനമന്ത്രി ജെയ്റ്റ്‌ലി മുതല്‍ സര്‍ക്കാര്‍ ഭരണയന്ത്രം മുഴുവന്‍. 34 ലക്ഷം കോടി രൂപയെങ്കിലും ഇങ്ങനെ തിരിച്ചു വരില്ലെന്നും റിസര്‍വ്വ് ബാങ്കിന്റെ ബാധ്യത അത്രയും കുറയുമെന്നും അത് ഡിവിഡന്റായി കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്നും ആയിരുന്നു അതിഗഹനമായ വിശകലനം. ബിജെപി വക്താക്കള്‍ മുഴുവന്‍ ടിവിയില്‍ ഇരുന്ന് വാദിച്ചുകൊണ്ടിരുന്നതും ഇതാണ്.
യഥാത്ഥത്തില്‍ സംഭവിച്ചത് എന്താണ്? നോട്ടൊക്കെ തിരിച്ചെത്തി. ഈ നോട്ടുകളൊക്കെ എണ്ണി തീര്‍ത്ത് നശിപ്പിക്കുന്നതിനും പുതിയവ അച്ചടിക്കുന്നതിനും ഭീമമായ ചെലവ് റിസര്‍വ്വ് ബാങ്കിന് വന്നു. സാധാരണഗതിയില്‍ 50,000 കോടിയെങ്കിലും ഡിവിഡന്റ് കൊടുക്കേണ്ടതിനു പകരം മേല്‍പ്പറഞ്ഞ ചെലവുകള്‍മൂലം 32,000 കോടി രൂപയേ ഡിവിഡന്റായി നല്‍കാന്‍ കഴിയൂ എന്നാണ് റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
4) ഇപ്പോള്‍ ജയ്റ്റ്‌ലി പറയുന്നത് നോട്ടെല്ലാം ബാങ്കില്‍ വന്നല്ലോ. പണത്തിന്റെ ഉടമസ്ഥരെ മനസിലായി. ഇനിയാണ് ഞങ്ങള്‍ കള്ളപ്പണക്കാരെ പിടിക്കുക. അദ്ദേഹത്തിന് എല്ലാ നല്ല ആശംസകളും. പക്ഷെ ഈ അര്‍ദ്ധരാത്രി നാടകമൊന്നും ഇല്ലാതെ സാവകാശം കൊടുത്ത് നോട്ട് മാറാന്‍ അനുവദിച്ചാലും പണമെല്ലാം അക്കൌണ്ടുകളില്‍ തിരിച്ചെത്തുമല്ലോ. ഇപ്പോള്‍ നിങ്ങള്‍ സത്യസന്ധരായ സാധാരണക്കാരെയും കള്ളപ്പണക്കാരെയും ഒരുപോലെ കൈകാര്യം ചെയ്തു. പാവങ്ങളെ പീഡിപ്പിച്ചതിന് എന്ത് ന്യായം?
5) ജയ്റ്റ്‌ലിയുടെ പുതിയ വാദമാണ് ഏറ്റവും വിചിത്രം. സമ്പദ്ഘടനയിലെ ക്യാഷ് കുറയ്ക്കുക എന്നതായിരുന്നത്രേ യഥാര്‍ത്ഥ ഉന്നം. സമ്പദ്ഘടനയിലെ ക്യാഷ് കുറയ്ക്കാനും കൂട്ടാനും എത്രയോ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ട്. ഇതാണ് റിസര്‍വ്വ് ബാങ്ക് ആറാറു മാസം കുടുമ്പോള്‍ തങ്ങളുടെ പ്രസിദ്ധമായ നയപ്രഖ്യാപനത്തിലൂടെ ചെയ്യുന്നത്. സമ്പദ്ഘടനയിലെ ക്യാഷ് കുറയ്ക്കാന്‍ നോട്ട് നിരോധിക്കുന്നത് ഒരു സാമ്പത്തികശാസ്ത്രമല്ല
സാമ്പത്തിക കൂടോത്രമാണ്.
6) മോഡി ഭക്തര്‍ക്ക് അവസാന അത്താണി ഇപ്പോഴും ഡിജിറ്റല്‍ ഇക്കോണമിയാണ്. 90 ശതമാനം പേരും അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ഇന്ത്യയെ ഡിജിറ്റല്‍ ഇക്കോണമിയാക്കാന്‍ ആകില്ല. സമ്പദ്ഘടനയെ രൂപാന്തരപ്പെടുത്തിക്കൊണ്ടു മാത്രമേ ഇന്ത്യയെ ഡിജിറ്റലാക്കാന്‍ കഴിയൂ. കാലം ഇത് പഠിപ്പിച്ചുകൊള്ളും.
7) ഇപ്പോള്‍ ചിരിക്കുന്നത് കള്ളപ്പണക്കാരാണ്. കണ്ണീരും കരച്ചിലും തോരാത്തത് പാവങ്ങള്‍ക്കും. ജന്‍ധന്‍ അക്കൌണ്ടില്‍ പണം കാത്തിരുന്നവര്‍ നിരാശരാണ്. വിലയിടിവുമൂലം കടക്കെണിയിലായ കര്‍ഷകരുടെ സമരം ഏറ്റവും രൂക്ഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. അടച്ചുപൂട്ടിയ ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ എന്ന് തുറക്കുമെന്ന് അറിഞ്ഞുകൂട. ലോകത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ച വളര്‍ച്ചയില്‍ നിന്നും 2 ശതമാനം തളര്‍ന്നു. സാമ്പത്തിക മുരടിപ്പിനെ കള്ളക്കണക്കുകള്‍ കൊണ്ടുപോലും ഇനി മറച്ചുവയ്ക്കാന്‍ കഴിയില്ല.സ്വതന്ത്ര ഇന്ത്യയിലെ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി നോട്ടു നിരോധനം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates