കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പൊലീസിൽ പരാതി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ പരാതി നൽകിയത്. അഭിഭാഷകനായ രാജേഷ് വിജയനാണ് പരാതി നൽകിയത്.
അതിനിടെ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്‌ലാറ്റിൽ വെച്ചെന്ന് സൂചന. ഹെദർ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്‌നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനം.
എഫ്-6 ഫ്‌ലാറ്റിൽ വെച്ച് ഇടപാടുകാരുമായി സ്വർണത്തിന്റെ വില ചർച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റ ഭാഗമായി ഫ്‌ലാറ്റിൽ പരിശോധന നടത്തിയതായാണ് സൂചന.
ഈ ഫ്‌ലാറ്റിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഇടക്കാലത്ത് മൂന്നുവർഷത്തോളം താമസിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ലാറ്റിൽ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു.
ഫ്‌ലാറ്റിലെ നാലാംനിലയിലാണ് റീബിൽഡ് കേരളയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫർണിഷിങ്ങിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു.
അതിനിടെ സ്വപ്‌നയ്ക്ക് ഒപ്പം 15 ബോഡി ഗാർഡുമാരുടെ സംഘം എപ്പോഴും ഉണ്ടായിരുന്നുവെന്ന് സ്വപ്‌നയുടെ സഹോദരന്റെ വിവാഹപാർട്ടിക്കിടെ മർദനമേറ്റ യുവാവ് വെളിപ്പെടുത്തി. മർദിക്കാൻ കൂട്ടുനിന്നത് സരിത്താണ്. വിവാഹപാർട്ടിയിൽ മുഴുവൻ സമയവും മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates