Kerala

സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല ; ഇന്ന് വീണ്ടും കോടതിയിൽ ; കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ

സ്വപ്നയെയും സന്ദീപിനെയും തിങ്കളാഴ്ച മുതൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് കോവിഡ് ഇല്ല. ഇരുവരുടെയും പരിശോധന ഫലം നെഗറ്റിവാണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയർ സെന്ററുകളിലാണ് ഇപ്പോഴുള്ളത്.

പരിശോധനാഫലം നെ​ഗറ്റീവ് ആയ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും.  പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തിൽ ഇരുവരെയും  എൻഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാർ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. പരിശോധനാഫലം ലഭിച്ചശേഷം പ്രതികളെ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. 

സ്വപ്നയെയും സന്ദീപിനെയും തിങ്കളാഴ്ച മുതൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. ഭീകരപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കടത്തിയ സ്വർണം ഉപയോഗിച്ചതായി കരുതുന്നു. ഇക്കാര്യത്തിൽ ഇരുവരുടെയും ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എൻഐഎ വ്യക്തമാക്കി. എൻഐഎയുടെ ആവശ്യത്തിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. 

അതേസമയം, കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള  മൂന്നു പ്രതികളെയും എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. പിഎസ് സരിത്തിനെയും റമീസിനെയും ഇന്നലെ ഉച്ചയോടെ പിടിയിലായ ആളെയുമാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ സരിത് അന്വേഷണ സംഘത്തിന് നൽകി. സ്വർണ്ണം ആരാണ് അയക്കുന്നത്, ആർക്കാണ് നൽകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപ്നയ്ക്കാണെന്നാണ് മൊഴി. ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്, സ്വപ്‌നയെ സംബോധന ചെയ്തത്. ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് അന്വേഷണ സംഘത്തോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

SCROLL FOR NEXT