കൊച്ചി: ശബരിമല വിഷയത്തിൽ കുമ്മനത്തിന്റെ നിലവാരമുളള ഒരു ആർഎസ്എസ് പ്രചാരകനായാണ് ശബരിമല കർമസമിതി നേതാവ് ചിദാനന്ദപുരിയുടെ ഇടപെടലെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കി ഇടത് മുന്നണിക്കെതിരെ പ്രചാരണം നടത്താനുള്ള ചിദാനന്ദപുരിയുടെ നിലപാട് അദ്വൈതദര്‍ശനത്തിന് നിരക്കാത്തതാണെന്നും വിശ്വഭദ്രാനന്ദ ശക്തിബോധി ഫെയ്സ്ബുക്കിൽ കുറ്റപ്പെടുത്തി.
രണ്ടെന്ന ഭേദബുദ്ധി ഇല്ലാത്ത ഏകാത്മദര്‍ശനമാണ് അദ്വൈതം. ആ നിലയില്‍ സ്ത്രീ-പുരുഷന്, യുവതി-യുവാവ്, ബ്രാഹ്മണന്-അബ്രാഹ്മണന് തുടങ്ങിയ ഏതു ഭേദബുദ്ധിയും അദ്വൈത വിരുദ്ധമാണ്.നൈഷ്ഠിക ബ്രഹ്മചാരിയായ ചിദാനന്ദപുരിയെ പത്തിനും അമ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കാണുകയോ കാല്ക്കല് വീണ് നമിക്കുകയോ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ബ്രഹ്മചര്യത്തിന് ഉലച്ചിലേതും ഉണ്ടാകുന്നില്ലെങ്കില്‍, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയെ യുവതികൾ ദർശിച്ചാലും തേജഃക്ഷയം ഉണ്ടാവില്ല.തന്റേതിനോളം ഉൾക്കരുത്തുളളതല്ല അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യം എന്ന് കരുതാനുളള അഹങ്കാരം ചിദാനന്ദപുരിക്കില്ലെങ്കിൽ ശബരിമല യുവതിപ്രവേശനത്തില്‍ അദ്ദേഹം അദ്വൈതദര്ശനപ്രകാരം നിലപാട് തിരുത്തണമെന്ന് ശക്തിബോധി ആവശ്യപ്പെട്ടു.
ചുരുങ്ങിയ പക്ഷം യുവതിപ്രവേശനവും അയ്യപ്പനാമവും പറഞ്ഞു അദാനിമാര്‍ക്ക് പാദപൂജ ചെയ്യുന്ന ബിജെപി രാഷ്ട്രീയത്തിന് വോട്ട് പിടിക്കാനുള്ള നീക്കത്തില്‍ നിന്നെങ്കിലും അദ്ദേഹം പിന്‍വാങ്ങണം. സന്ന്യാസിമാര്‍ വിശ്വാസാന്ധന്മാരാകരുത്. അവര്‍ വിവേകാനന്ദന്മാരാകണം. സാക്ഷി മഹാരാജിന്റെ കേരളപതിപ്പാകരുത് സ്വാമി ചിദാനന്ദപുരിയെന്നും ശക്തിബോധി കുറിപ്പിൽ അഭ്യർഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates