ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ. ഇന്ത്യ നടത്തിയ ആക്രമണത്തിൽ വ്യോമസേനാംഗങ്ങൾ ഉൾപ്പെടെ 78 സൈനികർക്ക് പരിക്കേറ്റതായും പാക് സേന സ്ഥിരീകരിച്ചു. പാക് വ്യോമസേന സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ് തുടങ്ങിയവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
വ്യോമസേന കോർപ്പറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ, കരസേനയിൽ നിന്നും നായിക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും കൊല്ലപ്പെട്ടു.
മെയ് 6-7 തീയതികളിൽ രാത്രിയിൽ ഇന്ത്യ നടത്തിയ "നിന്ദ്യമായ ആക്രമണങ്ങളിൽ" 40 സാധാരണക്കാർ മരിക്കുകയും 121 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം പ്രസ്താവനയിൽ അവകാശപ്പെട്ടു. ഓപ്പറേഷൻ ബനിയനം മർസൂസിലൂടെ ഇന്ത്യൻ ആക്രമണങ്ങൾക്ക് പാക് സേന കൃത്യവും ശക്തവുമായ തിരിച്ചടി നൽകിയെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയത്. ഇതിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സേന വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates