ലോകം കണ്ട ഏറ്റവും വലിയ ക്രൂരതകളിലൊന്നന്റെ ചരിത്രമാണ് ജർമ്മനിയിലെ നാസിഭരണകാലവും രണ്ടാം ലോകമഹായുദ്ധവും. ഇക്കാലത്ത് സംഭവിച്ചതും ലോകം ഇതുവരെ അറിയാതിരുന്നതുമായ ചരിത്ര രേഖകളുടെ വൻശേഖരം കണ്ടുകിട്ടിയിരിക്കുന്നത് അർജന്റീനയിൽ നിന്നാണ്. അർജീന്റനയുടെ സുപ്രീം കോടതിയുടെ നിലവറയിൽ നിന്നുമാണ് കണ്ടെത്തിയത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയിൽ നിന്നുള്ള നാസി രേഖകളുടെ 83 പെട്ടികളാണ് ബ്യൂണസ് അയേഴ്സിലെ കോടതിയുടെ നിലവറയിൽ കണ്ടെത്തിയത്. ചരിത്രത്തിലേക്കുള്ള വെളിച്ചം വീശുന്ന ഈ രേഖകൾ 84 വർഷമായി ആരുമറിയാതെ നിലവറയ്ക്കുള്ളിൽ പൊടിപിടിച്ച് കിടക്കുകയായിരന്നു.
കോടതി രേഖകളുടെ ചരിത്രമനുസരിച്ച്, ടോക്കിയോയിലെ ജർമ്മൻ എംബസി 1941 ജൂണിൽ ജാപ്പനീസ് ആവിക്കപ്പലായ "നാൻ-എ-മാരു"വിലാണ് ഈ 83 പെട്ടികൾ അർജന്റീനയിലേക്ക് അയച്ചതെന്ന് പറയുന്നു.
രണ്ടാംലോക യുദ്ധകാലത്ത്ആ രാജ്യത്തേക്ക് എത്തിയ കപ്പലിൽ ഇത്രയധികം ചരക്ക് എങ്ങനെ വന്നു എന്നത് അധികാരികളിൽ സംശയമുണർത്തി. വന്ന പെട്ടികൾക്കുള്ളിൽ വ്യക്തിഗത വസ്തുക്കളാണെന്ന് ജർമ്മൻ നയതന്ത്ര പ്രതിനിധികൾ അവകാശപ്പെട്ടിരുന്നെങ്കിലും, അർജന്റീനിയൻ കസ്റ്റംസ് അധികൃതർ 83 എണ്ണത്തിൽ നിന്നും ക്രമരഹിതമായി അഞ്ച് പെട്ടികൾ തുറന്ന് പരിശോധിച്ചു.
ആ പെട്ടികൾക്കുള്ളിൽ നാസി ഭരണകൂടത്തിന്റെ പോസ്റ്റ്കാർഡുകൾ, ഫോട്ടോഗ്രാഫുകൾ, പ്രചാരണ സാമഗ്രികൾ എന്നിവയും നാസി പാർട്ടിയുടെ ആയിരക്കണക്കിന് നോട്ട്ബുക്കുകളും ആണ് ഉണ്ടായിരുന്നത്. ഇതോടെ സംഭവത്തിന്റെ സ്വാഭാവം മാറി. യുദ്ധത്തിൽ തങ്ങൾ പാലിച്ചു വന്ന നിഷ്പക്ഷ നിലപാടിനെ ബാധിക്കുമെന്ന് അർജന്റീന ഭയപ്പെട്ടു. തുടർന്ന് ആ പെട്ടികൾ അർജന്റീന കണ്ടുകെട്ടി. വിഷയം കോടതി കയറി. അന്നത്തെ ഫെഡറൽ ജഡ്ജി ആ വസ്തുക്കൾ കണ്ടുകെട്ടി, വിഷയം സുപ്രീം കോടതിയിലേക്ക് റഫർ ചെയ്തു.
എന്തിനാണ് ഈ വസ്തുക്കൾ അർജന്റീനയിലേക്ക് അയച്ചതെന്നോ, ആ സമയത്ത് സുപ്രീം കോടതി ഇതിൽ എന്ത് നടപടി സ്വീകരിച്ചുവെന്നോ നിലവിൽ വ്യക്തമല്ല.
അർജന്റീനയിൽ സുപ്രീം കോടതി മ്യൂസിയം നിർമ്മിക്കാനുള്ള തയ്യാറെടുക്കുന്നതിനിടെയാണ് 84 വർഷമായി ആരുമറിയാതെ കിടന്ന ചരിത്രം നിറഞ്ഞ ആ 83 പെട്ടികൾ കോടതി ജീവനക്കാർക്ക് ലഭിച്ചത്.
"പെട്ടികളിലൊന്ന് തുറന്നപ്പോൾ, രണ്ടാം ലോകമഹായുദ്ധസമയത്ത് അർജന്റീനയിൽ അഡോൾഫ് ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും ഏകോപിക്കാനും ലക്ഷ്യമിട്ടുള്ളവയാണ് അതിനുള്ളിലുള്ളതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു," എന്ന് കോടതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ ചരിത്രമുറങ്ങുന്ന ഈ പെട്ടികൾ അധിക സുരക്ഷാ സംവിധാനങ്ങളുള്ള ഒരു മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്, അവയുടെ സംരക്ഷണത്തിനും രേഖകൾ പട്ടികപ്പെടുത്തുന്നതിനും ബ്യൂണസ് അയേഴ്സിലെ ഹോളോകാസ്റ്റ് മ്യൂസിയത്തിന് ഉത്തരാവാദിത്തം ഏൽപ്പിക്കും .
നാസികൾ ഉപയോഗിച്ചിരുന്ന അന്താരാഷ്ട്ര ധനകാര്യ ശൃംഖലകൾ പോലെ, ഹോളോകോസ്റ്റിന് പിന്നിലെ ഇപ്പോഴും അജ്ഞാതമായ വശങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും സൂചനകൾക്കായി വിദഗ്ധർ അവ പരിശോധിക്കും.
രണ്ടാം ലോകമഹായുദ്ധത്തിൽ 1944 വരെ നിഷ്പക്ഷത പാലിച്ചു നിന്ന അർജന്റീന, അടുത്ത വർഷം ജർമ്മനിക്കും ജപ്പാനുമെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1933 മുതൽ 1954 വരെ, യൂറോപ്പിലെ നാസി പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് 40,000 ജൂത വിശ്വാസികൾ അർജന്റീനയിലേക്ക് കുടിയേറിയതായി ഹോളോകോസ്റ്റ് മ്യൂസിയം പറയുന്നു. ലാറ്റിൻ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജൂത വിശ്വാസികൾ താമസിക്കുന്ന രാജ്യം അർജന്റീനയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates