വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്ത അക്രമിക്കെതിരെ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം കൂടി ചുമത്തി. മൂന്ന് പ്രധാന കുറ്റങ്ങളാണ് അക്രമിയായ 31 കാരന്‍ കോള്‍ തോമസ് അലനെതിരെ ചുമത്തിയിട്ടുള്ളത്. ട്രംപിനെതിരെ വധശ്രമം, കുറ്റകൃത്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങള്‍ കൈവശം വെച്ചു, അക്രമത്തിനിടെ വെടിയുതിര്‍ത്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കോടതിയില്‍ ഹാജരാക്കിയ കോള്‍ തോമസ് അലനെ ഫെഡറല്‍ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ യുഎസ് അറ്റോര്‍ണി ജനറലിന്റെ ചുമതല വഹിക്കുന്ന ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി. അക്രമിയെ കീഴ്‌പ്പെടുത്തിയത് ഡിന്നര്‍ വേദിയുടെ മുകളിലത്തെ നിലയില്‍ വെച്ചാണെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുള്ളത്.
സുരക്ഷാ ചെക്‌പോസ്റ്റുകള്‍ ഭേദിച്ചു കടക്കാന്‍ ശ്രമിച്ച കോള്‍ തോമസ് അലനെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചു തവണ വെടിവെച്ചു. എന്നാല്‍ പരിക്കുകളൊന്നുമില്ലാതെ ഇയാളെ തന്ത്രപരമായി വീഴ്‌പ്പെടുത്താന്‍ സാധിച്ചു. അക്രമത്തിന് രണ്ടു ദിവസം മുമ്പ് തന്നെ വാഷിങ്ടണിലെ ഹോട്ടലില്‍ മുറിയെടുത്ത് ഇയാള്‍ താമസം തുടങ്ങി. ആക്രമണത്തിന് മുന്നൊരുക്കങ്ങള്‍ നടത്തി. താന്‍ ചെയ്യാന്‍ പോകുന്ന കൃത്യത്തെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് ഇയാള്‍ ഇമെയില്‍ അയച്ചിരുന്നുവെന്നും അറ്റോര്‍ണി പറയുന്നു.
സര്‍ക്കാര്‍ നയങ്ങളോടുള്ള അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ഇയാള്‍ തയ്യാറാക്കിയിരുന്നു. ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അയാള്‍ സൂചിപ്പിച്ചു. എന്നാല്‍ കോള്‍ തോമസ് അലനെതിരെ ഇതുവരെ ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണം ഇയാള്‍ ഒറ്റയ്ക്ക് ചെയ്ത പ്രവൃത്തിയാണെന്നും, മറ്റാരുടേയും സഹായം ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് യുഎസ് ഏജന്‍സികളുടെ വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates