ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വര്‍ഷാവസാനത്തോടെ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്തകളെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ് സര്‍ക്കാര്‍. എന്നാല്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നിലവില്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഹസീന മടങ്ങിവരികയാണെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും, വേണമെങ്കില്‍ 'ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ ഒപ്പം കൂട്ടിക്കോളൂ' എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സാഹിദുര്‍ റഹ്മാന്‍ വെല്ലുവിളിച്ചു. തങ്ങളുടെ ലക്ഷ്യം രാജ്യത്ത് നീതി ഉറപ്പാക്കുക എന്നതാണെന്നും ഹസീന തിരിച്ചെത്തിയാല്‍ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹസീനയുടെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഇത് റെഡ് കാര്‍പെറ്റ് സ്വീകരണമല്ല, മറിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള അവസരമാണെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. 2024ല്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതിലൂടെ ഉണ്ടായ മരണങ്ങളില്‍ 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍' ചുമത്തി കഴിഞ്ഞ വര്‍ഷം ധാക്കയിലെ പ്രത്യേക ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2024 ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ കഴിയുകയാണ് ഷെയ്ഖ് ഹസീന. ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നത് നിയമപരമായ വിഷയമാണെന്നും അതിനനുസരിച്ച് മാത്രമേ കാര്യങ്ങള്‍ നീങ്ങുകയുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കെതിരെയുള്ള കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുന്ന ഹസീന, വധശിക്ഷയ്‌ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണലിലെ വിചാരണ പൂര്‍ണമായും സുതാര്യമായിരിക്കുമെന്നും മാധ്യമങ്ങള്‍ക്കും നിരീക്ഷകര്‍ക്കും ഇത് തത്സമയം നിരീക്ഷിക്കാന്‍ അവസരമൊരുക്കുമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കോടതി അവരെ കുറ്റവിമുക്തയാക്കുകയോ വിധി മാറ്റിയെഴുതുകയോ ചെയ്താല്‍ അത് അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് സാഹിദുര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates