വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ അക്രമിയായ മുന്‍ സൈനികന്‍ ആദ്യം പദ്ധതിയിട്ടത് സ്വന്തം കുടുംബത്തെ വകവരുത്താന്‍. ഇതിനായി ആഘോഷ പരിപാടി സംഘടിപ്പിക്കാനും നീക്കം നടത്തിയിരുന്നതായി വ്യക്തമാക്കുന്ന വീഡിയോ അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്ക് ലഭിച്ചു. പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയും ഐഎസ്‌ഐസില്‍ ചേരുകയുമായിരുന്നുവെന്ന് എഫ്ബിഐ അധികൃതര്‍ പറഞ്ഞു.
വീഡിയോയില്‍ തന്റെ വിവാഹമോചനത്തെക്കുറിച്ചും അക്രമിയായ മുന്‍ സൈനികന്‍ ഷംസുദീന്‍ ജബ്ബാര്‍ പറയുന്നുണ്ട്. രണ്ടു തവണ വിവാഹിതനായ ഇയാള്‍ 2022 ലാണ് രണ്ടാം ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയത്. തുടര്‍ന്ന് ഭീകരസംഘടനായ ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി അതില്‍ ചേരുകയായിരുന്നു. ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊല്ലാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഈ വീഡിയോ എഫ്ബിഐ ശേഖരിച്ചിട്ടുണ്ട്. ഇയാള്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയ ട്രക്കില്‍ ഐഎസ് പതാക, തോക്കുകള്‍, സ്‌ഫോടക സാമഗ്രികള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. വാഹനം വാടകയ്ക്ക് എടുത്തതാണെന്നും എഫ്ബിഐ സൂചിപ്പിച്ചു. ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് 15 പേരാണ് കൊല്ലപ്പെട്ടത്. 35 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്ത അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം മുന്‍ സൈനികന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ലെന്നും, പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് എഫ്ബിഐ സംശയിക്കുന്നത്.
അമേരിക്കയിലെ ലാസ് വെഗാസില്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിന് പുറത്ത് സെബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ട്രക്കിനുള്ളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയിരുന്നു. ലാസ് വെഗാസിലെ സ്ഫോടനവും ന്യൂ ഓര്‍ലിയന്‍സിലെ അക്രമവും തമ്മില്‍ ബാഹ്യ ശക്തികള്‍ക്ക് ബന്ധമുണ്ടോയെന്ന് എഫ്ബിഐ പരിശോധിച്ചു വരികയാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. രണ്ടിടത്തും ഒരു ഏജന്‍സിയില്‍ നിന്നാണ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ജനതയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളെ എന്തു വിലകൊടുത്തും തടയുമെന്ന് ബൈഡന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates