വാഷിങ്ടൺ; യുഎസിൽ എച്ച് 1 ബി ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡൻറ് ജോ ബൈഡൻ നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31-ന് അവസാനിരിക്കെ പുതിയ ഉത്തരവൊന്നും ബൈഡൻ ഭരണകൂടം പുറത്തിറക്കാതായതോടെയാണ് നിയന്ത്രണങ്ങൾ അവസാനിച്ചത്. എച്ച് 1 ബിക്കുപുറമേ എച്ച് 2 ബി, എൽ 1, ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും മാറ്റി. ഇത് ഇന്ത്യൻ ഐടി മേഖലയിലുള്ളവർക്ക് ഗുണകരമാവും.
യുഎസ് കമ്പനികൾക്ക് മറ്റുരാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്നതാണ് എച്ച്-1 ബി വിസ. കഴിഞ്ഞവർഷം ജൂണിലാണ് യുഎസിലേക്കുള്ള തൊഴിലാളിവിസകൾ താത്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഡിസംബർ 31-ന് നിയന്ത്രണത്തിന്റെ കാലാവധി നീട്ടുകയായിരുന്നു. ട്രംപിന്റെ വിസാചട്ടങ്ങൾ ക്രൂരമാണെന്നും പുനഃപരിശോധിക്കുമെന്നും അധികാരമേറ്റതിനുപിന്നാലെ ബൈഡൻ വ്യക്തമാക്കിയിരുന്നു.
ശാസ്ത്ര, എൻജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരെ അമേരിക്കയിൽ ജോലിചെയ്യാൻ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. ഹോട്ടൽ, നിർമാണ മേഖലകളിൽ തൊഴിലെടുക്കുന്നവർക്കാണ് എച്ച് 2 ബി വിസ നൽകുന്നത്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ എൽ 1 വിസയും ഗവേഷകർ, പ്രൊഫസർമാർ എന്നിവർക്ക് ജെ 1 വിസയുമാണ് അനുവദിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates