അബുദാബി: അബുദാബി എമിറേറ്റിനുള്ളില്‍ ഒലിയാന്‍ഡര്‍ ചെടി അഥവാ അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി(എഡിഎഎഫ്എസ്എ). അരളിച്ചെടിയുടെ ഏതെങ്കിലും ഭാഗങ്ങള്‍ കഴിച്ച് കുട്ടികള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ചൂണ്ടികാണിച്ചാണ് നടപടി.
നിലവില്‍ പൊതുഇടങ്ങളില്‍ വച്ചുപിടിപ്പിച്ചിട്ടുള്ള ചെടികള്‍ ഉടന്‍ തന്നെ സുരക്ഷിതമായി നീക്കം ചെയ്യുമെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയിലെ റെഗുലേറ്ററി ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൗസ സുഹൈല്‍ അല്‍ മുഹൈരി പറഞ്ഞു. അരളി ചെടിയുടെ അപകടങ്ങളെക്കുറിച്ച് വിപുലമായ ബോധവല്‍ക്കരണ ക്യാംപെയ്‌നുകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
'വിഷമുള്ള ഒലിയാന്‍ഡര്‍ കൃഷി നിരോധിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു മുന്‍കരുതല്‍ നടപടിയാണ്. എഡിഎഎഫ്എസ്എയില്‍, പൊതുജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മൗസ സുഹൈല്‍ അല്‍ മുഹൈരി പറഞ്ഞു.
ആരോഗ്യ പ്രശ്‌നങ്ങള്‍
പാറക്കെട്ടുകള്‍ നിറഞ്ഞ താഴ്വരകളില്‍ സാധാരണയായി കാണപ്പെടുന്ന കുറ്റിച്ചെടിയാണ് ഒലിയാന്‍ഡര്‍, കടുംപച്ച ഇലകളും മനോഹരമായ പൂക്കളും കൊണ്ട് സൗന്ദര്യാത്മക ആകര്‍ഷണത്തിനായി പലപ്പോഴും റോഡരികില്‍ നട്ടുപിടിപ്പിക്കുന്നു. എന്നിരുന്നാലും, ഈ ചെടിയുടെ ഇലകള്‍, കാണ്ഡം, പൂക്കള്‍, വിത്തുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഭാഗങ്ങളിലും വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കള്‍ ഹൃദയത്തെ ബാധിക്കും, ചെറിയ അളവില്‍ പോലും കഴിക്കുന്നത് ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, അങ്ങേയറ്റത്തെ സന്ദര്‍ഭങ്ങളില്‍ മരണം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളും നേരിട്ടേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates