ബെയ്ജിങ്: സാങ്കേതികവിദ്യയുടെ കാര്യത്തില്‍ എന്നും ലോകത്തെ അമ്പരപ്പിക്കുന്ന രാജ്യമാണ് ചൈന. നൂതന സാങ്കേതികവിദ്യകള്‍ എല്ലാ മേഖലകളിലും പരീക്ഷിക്കുന്ന രാജ്യം. ഇപ്പോഴിതാ അവര്‍ വികസിപ്പിച്ച മാഗ്നെറ്റിക് ലെവിറ്റേഷന്‍ (മാഗ്ലെവ്) ട്രെയിന്‍ പരീക്ഷണസമയത്ത് വേഗതയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കണ്ണ് ചിമ്മി തുറക്കുംമുന്‍പെ സ്ഥലം വിട്ടിരിക്കും, അതാണ് ചൈനയുടെ പുത്തന്‍ മാഗ്‌ലെവ് ട്രെയിന്‍. മണിക്കൂറില്‍ 700 കിലോ മീറ്റര്‍ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഈ ട്രെയിന്‍.
ചൈനയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ലോക റെക്കോര്‍ഡ് ചൈന സ്വന്താക്കിയത്. 400 മീറ്റര്‍ നീളമുള്ള മാഗ്ലെവ് ട്രാക്കിലായിരുന്നു പരീക്ഷണം. ഇത്രയും ഉയര്‍ന്ന വേഗത കൈവരിച്ച ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്താനും സാധിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ 'സൂപ്പര്‍കണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്ലെവ്' ട്രെയിനായി ഇത് മാറി. പരീക്ഷണ ഓട്ടത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ട്രെയിന്‍ ഒരുമിന്നല്‍പ്പിണര്‍ പോലെ പാഞ്ഞുപോകുന്നത് കാണാം. നഗ്നനേത്രങ്ങള്‍ കൊണ്ട് പിന്തുടരാന്‍ കഴിയാത്ത അത്രസ്പീഡിലായിരുന്നു ട്രെയിനിന്റെ സ്പീഡ്.
വേഗത്തിന്റെ കാര്യത്തില്‍ ചൈന ലോകത്തെ അമ്പരപ്പിക്കുന്നത് ഇതാദ്യമല്ല. ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള അതിവേഗ മാഗ്ലെവ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതും ചൈനയിലാണ്. ഷാങ്ഹായ് മാഗ്ലെവ് മണിക്കൂറില്‍ 300 കിലോ മീറ്ററിലധികം വേഗത്തിലാണ് സര്‍വീസ് നടത്തുന്നത്. മണിക്കൂറില്‍ 431 കിലോ മീറ്ററാണ് ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത. 700 കിലോ മീറ്ററിന് മുകളില്‍ വേഗതയിലുള്ള മഗ്ലെവ് എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇതും മറികടന്ന് ഏറെ വൈകാതെ തന്നെ വിമാനത്തിന്റെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ എന്ന ആശയം ചൈന യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.