ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന്‍ ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം!

തുടരെ മൂന്ന് ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിച്ചു
T20 World Cup team india wicket celebration
T20 World Cupx
Updated on
3 min read

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നില്‍ ഒരിക്കല്‍ കൂടി ദയനീയമായി തോറ്റ് പാകിസ്ഥാന്‍. ആറ് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങി ഇന്ത്യയെ ഒതുക്കിയ പാകിസ്ഥാന് പക്ഷേ ക്രീസില്‍ നിന്നു മര്യാദയ്ക്ക് ബാറ്റ് ചെയ്യാന്‍ പോലും ആരുമില്ലാതെ പോയി. ഫലം ഇന്ത്യക്ക് 61 റണ്‍സിന്റെ മിന്നും ജയം. തുടരെ മൂന്ന് ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു. പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി തകര്‍ച്ചയ്ക്ക് തുടക്കമിട്ട ഹര്‍ദിക് പാണ്ഡ്യ തന്നെ 10ാം വിക്കറ്റും വീഴ്ത്തി പാക് പെട്ടിയില്‍ അവസാന ആണിയും അടിച്ചു.

തുടക്കത്തില്‍ തന്നെ അഭിഷേകിനെ മടക്കി ഞെട്ടിച്ച പാകിസ്ഥാന് അതിലും വലിയ ഞെട്ടല്‍ സമ്മാനിച്ചാണ് ഇന്ത്യ മറുപടി ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറില്‍ ഒരു റണ്ണും വിട്ടുകൊടുക്കാതെ ഹര്‍ദിക് പാണ്ഡ്യ അപകടകാരിയായ ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാനെ പുറത്താക്കിയാണ് പാകിസ്ഥാനെ ഞെട്ടിച്ചത്. ആ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നു പിന്നീടൊരിക്കലും പാകിസ്ഥാന്‍ മത്സരത്തിലേക്ക് മടങ്ങി വന്നില്ല. സ്പിന്നര്‍മാരും പേസര്‍മാരും ഇന്ത്യക്കായി മിന്നും ബൗളിങ് പുറത്തെടുത്തതോടെ പാക് സംഘത്തിനു ഉത്തരം മുട്ടി. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകള്‍ പോക്കറ്റിലാക്കി.

രണ്ടാം ഓവര്‍ എറിയാന്‍ വന്ന ജസ്പ്രിത് ബുംറ 6 പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റെടുത്തു പാകിസ്ഥാനെ വന്‍ പ്രതിരോധത്തിലാക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കായി. 2 ഓവറില്‍ പാകിസ്ഥാന് 13 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോള്‍ നഷ്ടം വന്നത് 3 വിക്കറ്റുകള്‍. സയിം അയൂബ് 6 റണ്‍സുമായും പാക് നായകന്‍ സല്‍മാന്‍ ആഘ 4 റണ്‍സുമായും പുറത്തായി.

T20 World Cup team india wicket celebration
2 ഓവറിനിടെ പാകിസ്ഥാന് നഷ്ടം 3 വിക്കറ്റുകള്‍! 4ാം വിക്കറ്റ് 34ലും പോയി, 'മിന്നൽ' തുടക്കവുമായി ഇന്ത്യന്‍ ബൗളിങ്

പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ കെല്‍പ്പുള്ള മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മടക്കി അക്ഷര്‍ പട്ടേല്‍ അടുത്ത പ്രഹരം പാകിസ്ഥാനു നല്‍കി. ബാബര്‍ 5 റണ്‍സുമായി മടങ്ങി. പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ തന്നെ വിയര്‍ത്തു പോയി. 34 റണ്‍സിനിടെയാണ് അവര്‍ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായത്. 78 റണ്‍സ് ചേര്‍ക്കുമ്പോഴേക്ക് അവര്‍ക്ക് 7 വിക്കറ്റും പോയി.

8, 9 വിക്കറ്റുകള്‍ അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി പാകിസ്ഥാനെ തിരിച്ചു വരാന്‍ സാധിക്കാത്ത വിധം നിലയിലാ കയത്തിലേക്ക് തള്ളി. സ്‌കോര്‍ 97ല്‍ നില്‍ക്കെ വരുണ്‍ ഷദബ് ഖാനേയും പിന്നാലെ അബ്രാര്‍ അഹമദിനെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി.

അഞ്ചാമനായി എത്തിയ ഉസ്മാന്‍ ഖാന്‍ മാത്രമാണ് ക്രീസില്‍ നിന്നു വെല്ലുവിളിക്കാനുള്ള കെല്‍പ്പ് കാണിച്ചത്. താരം 34 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്തു മടങ്ങി. 19 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സെടുത്ത ഷഹീന്‍ അഫ്രീദിയാണ് അവസാന ഘട്ടത്തില്‍ പൊരുതി സ്‌കോര്‍ 100 കടത്തി നാണക്കേട് കുറച്ചത്. 14 റണ്‍സെടുത്ത ഷദബ് ഖാന്‍, 10 റണ്‍സെടുത്ത ഫഹീം അഷ്‌റഫ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് ബാറ്റര്‍മാര്‍.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ്, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

T20 World Cup team india wicket celebration
നിര്‍ഭയന്‍ ഇഷാന്‍ കിഷന്‍! പാകിസ്ഥാന്റെ സ്പിന്‍ തന്ത്രം ഫലിച്ചു; ഇന്ത്യ 175ല്‍ ഒതുങ്ങി

6 സ്പിന്നര്‍മാര്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് സ്വന്തമാക്കിയത്. ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആറ് സ്പിന്നര്‍മാരുമായി കളിച്ച പാക് തന്ത്രം ഫലം കണ്ടു. കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പാകിസ്ഥാന്‍ തന്ത്രപരമായി തടഞ്ഞു. രണ്ട് ഓവര്‍ മാത്രമാണ് പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞത്. ബാക്കി 18 ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞത്.

ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. പാക് ബൗളിങിനെ നിര്‍ഭയനായി നേരിട്ടാണ് ഇഷാന്‍ മടങ്ങിയത്. പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി കളം വാണ ഇഷാന്‍ കിഷനെ മടക്കിയാണ് പാകിസ്ഥാന്‍ ബ്രേക്ക് ത്രൂ കളിയില്‍ സ്വന്തമാക്കിയത്. താരം അര്‍ധ സെഞ്ച്വറി തൂക്കി മടങ്ങി. 27 പന്തില്‍ 50 റണ്‍സിലെത്തിയ ഇഷാന്‍ 40 പന്തില്‍ 77 റണ്‍സുമായാണ് പവലിയനിലേക്ക് പോയത്. 10 ഫോറും 3 സിക്‌സും സഹിതമാണ് ഇഷാന്‍ പാക് ബൗളിങിനെ ആക്രമിച്ചത്. ഇഷാന്റെ മുന്നില്‍ പാക് ബൗളിങിന്റെ തന്ത്രം വിലപ്പോയില്ല. ഒടുവില്‍ സ്പിന്നറായ സയിം അയൂബ് തന്നെ ഇഷാനെ മടക്കി. താരത്തിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്ലീന്‍ ബൗള്‍ഡായി.

ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന്‍ നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നീട് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കിട്ടാന്‍ പാകിസ്ഥാന് 88 റണ്‍സ് വരെ കാക്കേണ്ടി വന്നു.

T20 World Cup team india wicket celebration
നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ

പിന്നീട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്‌കോര്‍ 126ല്‍ എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാന്‍ ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. 15ാം ഓവറിലെ 2, 3 പന്തുകളില്‍ തിലക് വര്‍മയേയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയേയും പാകിസ്ഥാന്‍ മടക്കി. ഇഷാനെ പുറത്താക്കിയ സയിം അയൂബാണ് അടുത്ത വരവില്‍ തിലകിനേയും പിന്നാലെ ഗോള്‍ഡന്‍ ഡക്കായി ഹര്‍ദികിനേയും പുറത്താക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. തിലക് 24 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സുമായി മടങ്ങി.

സ്‌കോര്‍ 159ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. സൂര്യ 29 പന്തില്‍ 32 റണ്‍സുമായ ഔട്ടായി. ശിവം ദുബെ 17 പന്തില്‍ 27 റണ്‍സുമായി പുറത്തായി. താരം 3 ഫോറും ഒരു സിക്‌സും നേടി. റിങ്കു സിങ് 4 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്ത് നേരിട്ട അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

പാകിസ്ഥാനായി സയിം അയൂബ് 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. സല്‍മാന്‍ ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Summary

T20 World Cup, india vs pakistan: A dominant performance by the Indian bowlers ensured that they crushed Pakistan's batters to take a 61-run victory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com