വാഷിങ്ടണ്‍ ഡിസി: ജലാശയങ്ങള്‍ മലിമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വലിയൊരു പങ്കും കൊക്കകോള കമ്പനിയുടേതെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ആഗോള തലത്തിലെ സമുദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 602 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യവും കൊക്കകോള കമ്പനിയുടേതായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സമുദ്ര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയായ ഓഷ്യാനയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പറയുന്നത്.
18 ദശലക്ഷം തിമിംഗലങ്ങളുടെ വയറ് നിറയ്ക്കാന്‍ ആകുന്നത്രയാണ് ഈ മാലിന്യങ്ങളെന്നും കണക്കുകള്‍ പറയുന്നു. മൈക്രോപ്ലാസ്റ്റിക്ക് ആഗോളതലത്തില്‍ ജീവന് ഭീഷണിയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൊക്കകോള എന്ന മള്‍ട്ടിനാഷണല്‍ കമ്പനി മാത്രം എത്രത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കാന്‍സര്‍, വന്ധ്യത, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കൊക്കകോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉത്പാദകരാകുമ്പോള്‍ മറ്റൊരു ആഗോള ശീതള പാനീയ കമ്പനിയായ പെപ്‌സി കോയാണ് ഈ പട്ടികയില്‍ രണ്ടാമത്. ആഗോള ഭക്ഷണ പാനീയ കമ്പനിയായ നെസ്ലേ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഡാനോണ്‍, ആര്‍ട്രിയ എന്നിവയാണ് പട്ടികയിലെ ആദ്യസ്ഥാനക്കാരായ മറ്റ് കമ്പനികള്‍. സയന്‍സ് അഡ്വാന്‍സസില്‍ 2024 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് പട്ടികയ്ക്ക് അടിസ്ഥാനം.
ചില്ലുകുപ്പികളുടെ ഉപയോഗത്തിലൂടെ പ്ലാസ്റ്റിക് ഉപയോഗം കൊക്കകോളയ്ക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഓഷ്യാന ചൂണ്ടിക്കാട്ടുന്നു. പുനരുപയോഗിക്കാവുന്ന പാക്കേജിംഗ് 'മാലിന്യം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്' എന്ന് 2022-ല്‍ കൊക്കകോള അംഗീകരിച്ചിരുന്ന വസ്തുതയാണ്. 2030-ഓടെ പാക്കേജിങ് 25 ശതമാനം ഈ രീതിയിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2024 ഡിസംബറില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പദ്ധതികളില്‍ ഈ പ്രഖ്യാപനം ഇടം പിടിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates