പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. വീട്ടില്‍ പാമ്പ് കയറിയാലുള്ള കാര്യം പറയാതിരിക്കുകയാണ് ഭേദം. ഭയന്ന് ഒച്ചവെച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇപ്പോള്‍ വീടിന്റെ മുന്‍വാതിലില്‍ ഇഴഞ്ഞെത്തിയ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വാതില്‍ തുറക്കുമ്പോള്‍ പരിസരം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലാണ് സംഭവം. സണ്‍ഷൈന്‍ കോസ്റ്റിലുള്ള ഒരു വീടിന്റെ വാതിലില്‍ മുട്ടി വിളിച്ചത് ഉഗ്രവിഷമുള്ള പാമ്പാണ്. വാതില്‍ തുറക്കും മുന്‍പ് പാമ്പിനെ കണ്ട് വീട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
വീടിന്റെ പ്രധാന വാതിലിന് മുന്നിലെ തടിയില്‍ നിര്‍മിച്ച തുറസായ സ്ഥലത്താണ് പാമ്പെത്തിയത്. ഉഗ്രവിഷമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക് ഇനത്തില്‍പ്പെട്ട പാമ്പാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിനു തൊട്ടു മുന്നിലെത്തിയ പാമ്പ് കുറച്ചുസമയം അവിടെയെല്ലാം ഇഴഞ്ഞു നടന്നു. വീട്ടുകാര്‍ ഈ കാഴ്ചകളെല്ലാം അകത്തിരുന്ന് കാണുന്നുണ്ടായിരുന്നു. ഏറെ സംയമനത്തോടെ പാമ്പിന്റെ ദൃശ്യങ്ങളും പകര്‍ത്തി.
ഒടുവില്‍ പാമ്പ് ഇഴഞ്ഞ് വാതിലിനു മുന്നിലെത്തി. മുട്ടി വിളിക്കുന്നതുപോലെ പലയാവര്‍ത്തി പാമ്പ് തലകൊണ്ട് വാതിലില്‍ ഇടിക്കുന്നതും വിഡിയോയില്‍ കാണാം. വീടിനുള്ള സമീപമുള്ള പുല്ലിനിടയില്‍ നിന്നാണ് പാമ്പെത്തിയതെന്നാണ് നിഗമനം.
വീട്ടുകാര്‍ അയച്ച വിഡിയോ സണ്ണി കോസ്റ്റ് സ്‌നേക് ക്യാച്ചേഴ്‌സ് എന്ന സംഘടനയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. പാമ്പിനെ കണ്ടയുടന്‍ പരിഭ്രാന്തരാകാതെ വാതില്‍ അടച്ചിട്ട് വീട്ടുകാര്‍ സുരക്ഷിതരായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് സംഘടനയിലെ ഉദ്യോഗസ്ഥനായ സ്റ്റുവാര്‍ട്ട് മക്കെന്‍സി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates