വാഷിങ്‌ടൺ: മാധ്യമപ്രവർത്തക ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി. 83 മില്യൺ ഡോളർ നൽകണമെന്നാണ് ന്യൂയോർക്ക് കോടതിയുടെ വിധി. ജീൻ കാരൾ ആവശ്യപ്പെട്ടതിനെക്കാൾ എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. എന്നാൽ വിധി കേൾക്കാൻ നിൽക്കാതെ ട്രംപ് കോടതിയിൽ നിന്നും ഇറങ്ങിപ്പോയി.
വിധിയെ പരിഹസിച്ച ട്രംപ് വിധിക്കെതിരെ അപ്പീലിന് പോകുമെന്നും അറിയിച്ചു. ട്രംപിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. സംഭവങ്ങൾക്ക് പിന്നിൽ ജോ ബൈഡനാണെന്നും അദ്ദേഹം ആരോപിച്ചു. 83 മില്യൺ ഡോളറിൽ 18 മില്യൺ ഡോളർ ജീൻ കാരളിന് ഉണ്ടായ മാനനഷ്ടത്തിനും വൈകാരിക പ്രശ്നങ്ങൾക്കുമാണ്. 65 മില്യൺ ഡോളർ ട്രംപിന്‍റെ ആവർത്തിച്ചുള്ള അപകീർത്തിപരമായ പരാമർശത്തിനുള്ള ശിക്ഷ എന്ന നിലയിലുമാണ്.
2019ലാണ് ജീൻ കാരൾ ട്രംപ് തന്നെ 23 വർഷത്തിന് മുൻപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ട്രംപ് കാരളിനെതിരെ രംഗത്തെത്തിയിരുന്നു. കാരളിന്റെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ് അവരെ ആവർത്തിച്ച് അപമാനിക്കുകയും ചെയ്‌തിരുന്നു. ‘‘95ലോ 96ലോ ആയിരുന്നു സംഭവം. മാൻഹാറ്റനിലെ ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽ ഷോപ്പിങ് നടത്തുമ്പോഴാണു ട്രംപിനെ കണ്ടത്. അന്ന് ട്രംപ് റിയൽ എസ്റ്റേറ്റ് വ്യവസായ പ്രമുഖനാണ്. സൗഹൃദഭാവത്തിലായിരുന്നു തുടക്കം. പിന്നീടു ഡ്രസ്സിങ് റൂം വാതിൽ അടച്ച് അയാൾ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വീട്ടിൽ നിന്നു പുറത്താക്കുമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ഭയപ്പെട്ടതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ല.’’–എന്നാണ് കാരൾ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates