ദുബായ്: ഫ്‌ലെക്‌സിബിള്‍(അനുയോജ്യമായ) ജോലി സമയമോ വിദൂര തൊഴില്‍ നയങ്ങളും(റിമോട്ട് വര്‍ക്ക്) നടപ്പാക്കി നിരത്തുകളില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി ദുബായ്. വാഹന ഗതാഗതം സുഗമമാക്കാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഈ രീതികള്‍ പ്രോത്സാഹിപ്പിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ഇതുസംബന്ധിച്ച് നടത്തിയ രണ്ട് പഠന റിപ്പോര്‍ട്ടില്‍ 2 മണിക്കൂര്‍ വ്യത്യാസത്തില്‍ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ചും മാസത്തില്‍ നാലോ അഞ്ചോ ദിവസം വിദൂര ജോലിക്ക് അവസരം നല്‍കിയും ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ നടപ്പാക്കിയാല്‍ ദുബായിലുടനീളമുള്ള പ്രഭാത യാത്രാ സമയം 30 ശതമാനം കുറയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ദുബായിലെ 20 ശതമാനം ജീവനക്കാര്‍ ഒരു ദിവസം വിദൂര ജോലി ചെയ്യുകയാണെങ്കില്‍ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് 9.8 ശതമാനവും അല്‍ഖൈല്‍ റോഡില്‍ 8.4 ശതമാനവും കുറയും. ഫ്‌ലെക്‌സിബിള്‍ ജോലി ഏര്‍പ്പെടുത്തിയാല്‍ ഇതു യഥാക്രമം 5.7%, 5% ഗതാഗതക്കുരുക്ക് കുറയ്ക്കും. ആദ്യ സര്‍വേയില്‍ 644 കമ്പനികളിലെ 3.2 ലക്ഷം ജീവനക്കാരും രണ്ടാമത്തെ സര്‍വേയില്‍ 12,000 ജീവനക്കാരും പങ്കെടുത്തു.
സര്‍വേയില്‍ 32 ശതമാനം സ്വകാര്യ കമ്പനികളില്‍ നിലവില്‍ റിമോട്ട് വര്‍ക്കിങ് സംവിധാനം കെണ്ടുവന്നിട്ടുണ്ടെന്ന് കണ്ടെത്തി. കൂടാതെ 58 ശതമാനം കമ്പനികള്‍ ഇത് വിപുലീകരിക്കാനും സന്നദ്ധത അറിയിച്ചു. മാത്രമല്ല 31% കമ്പനികള്‍ ജീവനക്കാര്‍ക്ക് അനുയോജ്യമായ ജോലി സമയം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രാവിലെ 6.30നും 8.30 നും ഇടയില്‍ ജോലി ആരംഭിക്കുന്നതിന് അവസരം നല്‍കി. ഇതുമൂലം തിരക്കില്‍പെടാതെ ഓഫിസിലും വീടുകളിലും എത്താന്‍ സഹായിക്കുന്നതിനാല്‍ ഫ്‌ലെക്‌സിബിള്‍ സമയവും റിമോട്ട് വര്‍ക്കും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയിലാണ് ദുബായ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates