Social Media Ban  ai image
World

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി ഫ്രാൻസ്

മൊബൈൽ ആപ്പുകൾക്ക് പൂട്ടിട്ട് ഇമ്മാനുവൽ മാക്രോൺ സർക്കാർ; നിലവിലുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാരിസ്: കുട്ടികളിലെ അമിത സ്ക്രീൻ ടൈമും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദോഷഫലങ്ങളും തടയുന്നതിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തി ഫ്രാൻസ്. ഈ ചരിത്രപരമായ നിയമത്തിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി ഫ്രാൻസ് മാറി. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. സെനറ്റിന്റെ അംഗീകാരത്തിന് ശേഷം നാഷണൽ അസംബ്ലിയിൽ 81 നെതിരെ 279 വോട്ടുകൾക്കാണ് ബിൽ വിജയിച്ചത്.

പുതിയ നിയമപ്രകാരം സെപ്റ്റംബർ 1 മുതൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക് ടോക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള യാതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പുതിയ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കില്ല.

നിലവിൽ ഉപയോഗത്തിലുമുള്ള 15 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ 2027 ജനുവരിയോടെ കമ്പനികൾ പൂർണ്ണമായും ഡിലീറ്റ് ചെയ്യണം.

പ്രായപരിധി ഉറപ്പുവരുത്താൻ കർശനമായ ഏജ് വെരിഫിക്കേഷൻ സിസ്റ്റം (Age Verification System) കൊണ്ടുവരാൻ ടെക് കമ്പനികൾക്ക് ഫ്രാൻസിന്റെ പ്രൈവസി റെഗുലേറ്റർ നിർദ്ദേശം നൽകി.

"കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഫ്രാൻസ് യൂറോപ്പിന് മാതൃകയാവുകയാണ്. ഓൺലൈൻ ലോകത്ത് നമ്മുടെ കുട്ടികളെ സംരക്ഷിക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പാണിത്," - ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

കുട്ടികളിലെ സൈബർ ബുളീയിംഗ് , വിഷാദം, അമിത മാനസിക സമ്മർദ്ദം, അഡിക്ഷൻ എന്നിവ കണക്കിലെടുത്താണ് നിർണ്ണായക നീക്കം. സോഷ്യൽ മീഡിയ വിലക്കിന് പുറമെ, ഹൈസ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ഫ്രാൻസ് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.അതേസമയം പഠനാവശ്യത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും, വിക്കിപീഡിയ പോലെയുള്ള പൊതുജന ഉപകാരപ്രദമായ ഓൺലൈൻ എൻസൈക്ലോപീഡിയകൾക്കും ഈ വിലക്കിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കിയ ഓസ്ട്രേലിയക്ക് പിന്നാലെയാണ് ഫ്രാൻസും കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്. ഗ്രീസ്, സ്പെയിൻ, ഡെൻമാർക്ക് എന്നീ യൂറോപ്യൻ രാജ്യങ്ങളും സമാനമായ നിയമങ്ങൾ നടപ്പിലാക്കുന്ന കാര്യം പരിഗണിച്ചു വരികയാണ്.

France has become the first country in the European Union to ban children under the age of 15 from using social media, following the French parliament's approval of a landmark bill backed by President Emmanuel Macron.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദുബൈയില്‍ സ്വര്‍ണ വില കുതിക്കുന്നു; അഞ്ച് ദിവസത്തിനിടെ 14 ദിര്‍ഹം വര്‍ധന

തലച്ചോറിനും വേണം വ്യായാമം, ഇരുന്ന് ചെയ്യാവുന്ന നാല് എക്സർസൈസുകൾ

പതിനായിരം രൂപ കൈയില്‍ ഉണ്ടോ?, പത്തു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

മുഖത്ത് മാസ്‌കും കയ്യില്‍ ലാത്തിയും, കുട്ടികളെ തല്ലിച്ചതയ്ക്കുന്ന ഗുണ്ടകള്‍; ദേഷ്യത്താല്‍ വിറയ്ക്കുകയാണെന്ന് നസ്‌റുദ്ദീന്‍ ഷാ