A man helps Rohingya Muslim refugees to disembark from a boat on the Bangladeshi shoreline of the Naf River after crossing the border from Myanmar in September 2017.  Photo | AFP
World

'റോഹിങ്ക്യകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്തു'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ഒരു രാജ്യത്തെ നേരിട്ട് വംശഹത്യയ്ക്ക് ഉത്തരവാദിയായി കണ്ടെത്തുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ വിധി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഹേഗ്: റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷത്തെ മ്യാന്‍മര്‍ വംശഹത്യ ചെയ്‌തെന്ന് കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ). 2017ല്‍ മ്യാന്‍മര്‍ സൈന്യം റാഖൈന്‍ സംസ്ഥാനത്ത് നടത്തിയ സൈനിക നടപടികള്‍ വംശഹത്യയുടെ പരിധിയില്‍ വരുന്നതാണെന്ന് കോടതി വ്യക്തമാക്കി. റോഹിങ്ക്യന്‍ ജനതയിലെ ഒരു വിഭാഗത്തെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതിക്രമങ്ങള്‍ നടത്തിയതെന്നും കോടതി വിലയിരുത്തി. മ്യാന്‍മറിനെതിരെ ഗാംബിയ നല്‍കിയ കേസില്‍ ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഹേഗിലെ കോടതിയുടെ നിര്‍ണായക വിധി.

ഒരു രാജ്യത്തെ നേരിട്ട് വംശഹത്യയ്ക്ക് ഉത്തരവാദിയായി കണ്ടെത്തുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ വിധിയാണിത്. 9-6 എന്ന ഭൂരിപക്ഷത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി പ്രസിഡന്റ് യുജി ഇവാസാവയാണ് വിധിയിലെ പ്രധാന കണ്ടെത്തലുകള്‍ വായിച്ചത്. റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2017ല്‍ ആരംഭിച്ചതല്ലെന്നും പതിറ്റാണ്ടുകളായി തുടരുന്ന വിവേചനത്തിന്റെയും ശത്രുതയുടെയും ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

മ്യാന്‍മറില്‍ തലമുറകളായി താമസിച്ചുവരുന്ന റോഹിങ്ക്യകള്‍ക്ക് പൗരത്വം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സൈന്യത്തിന്റെ പിന്തുണയോടെയുള്ള വിദ്വേഷപ്രചാരണങ്ങള്‍ റോഹിങ്ക്യകള്‍ക്കെതിരായ ശത്രുത വര്‍ധിപ്പിച്ചതായും കോടതി ചൂണ്ടിക്കാട്ടി. റോഹിങ്ക്യകളെ രാജ്യത്തിന് ഭീഷണിയായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളും വിവേചനപരമായ നടപടികളും സമൂഹത്തില്‍ അവര്‍ക്കെതിരായ വിദ്വേഷം ശക്തമാക്കി.

2017ലെ സൈനിക നടപടിക്കിടെ ഏകദേശം 10,000 റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കൂട്ടക്കൊലകള്‍, സ്ത്രീകള്‍ക്കെതിരായ വ്യാപകമായ ലൈംഗിക അതിക്രമങ്ങള്‍, കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍, ഗ്രാമങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവയും കേസില്‍ ഉന്നയിക്കപ്പെട്ടു. ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സാധാരണക്കാര്‍ക്കുനേരെയും അതിക്രമങ്ങളുണ്ടായി. സൈനിക നടപടികളുടെ ഫലമായി ഏഴുലക്ഷത്തിലധികം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

FILE -Rohingya Muslims carry their young children and belongings after crossing the border from Myanmar into Bangladesh, near Palong Khali, Bangladesh, Wednesday, Nov. 1, 2017

2017 ഓഗസ്റ്റില്‍ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുള്ള സുരക്ഷാ പോസ്റ്റുകള്‍ക്കും സൈനിക താവളത്തിനും നേരെ അരാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു സൈന്യത്തിന്റെ നടപടി. ഭീകരവിരുദ്ധ നീക്കമെന്നായിരുന്നു മ്യാന്‍മര്‍ സൈന്യം ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സൈനിക നടപടി സാധാരണക്കാരെയും ലക്ഷ്യമിട്ടതായി രക്ഷപ്പെട്ടവര്‍ മൊഴി നല്‍കി. പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ച് ആക്രമിക്കുക, സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുക, കുട്ടികളെ കൊലപ്പെടുത്തുക, വീടുകളും ഗ്രാമങ്ങളും തീയിട്ട് നശിപ്പിക്കുക തുടങ്ങിയ ക്രൂരതകള്‍ നടന്നതായി പരാതികളുയര്‍ന്നു.

2019 നവംബര്‍ 11നാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ മ്യാന്‍മറിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒഐസി) പിന്തുണയോടെയായിരുന്നു നീക്കം. 1948ലെ വംശഹത്യാ കണ്‍വെന്‍ഷന്‍ മ്യാന്‍മര്‍ ലംഘിച്ചുവെന്നായിരുന്നു ഗാംബിയയുടെ ആരോപണം. വംശഹത്യാ നടപടികള്‍ അവസാനിപ്പിക്കുക, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഗാംബിയ മുന്നോട്ടുവച്ചു. കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍, മാലദ്വീപ്, സ്ലൊവേനിയ, കോംഗോ, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നീ 11 രാജ്യങ്ങളും കേസില്‍ ഇടപെട്ടിരുന്നു.

ലൈംഗിക അതിക്രമങ്ങള്‍ വംശഹത്യാ ഉദ്ദേശ്യത്തിന്റെ തെളിവായി ഗാംബിയ കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വികൃതമാക്കിയതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ റോഹിങ്ക്യന്‍ ജനതയുടെ പുനരുത്പാദനശേഷിയെ ബാധിക്കാനും സമൂഹത്തെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു വാദം. മ്യാന്‍മര്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും അതിക്രമങ്ങളെക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നതില്‍ രാജ്യം പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കാനുള്ള നടപടികളിലും വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു.

മ്യാന്‍മറിനെതിരായ വിധി അന്താരാഷ്ട്ര നിയമരംഗത്ത് വലിയ പ്രാധാന്യമുള്ളതാണ്. ഗാസയിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ നല്‍കിയ വംശഹത്യാ കേസിലും ഈ വിധി സ്വാധീനം ചെലുത്തിയേക്കും. വംശഹത്യ തെളിയിക്കാന്‍ ആവശ്യമായ ഉദ്ദേശ്യവും സാഹചര്യത്തെളിവുകളും എങ്ങനെ വിലയിരുത്തണമെന്ന കാര്യത്തില്‍ മ്യാന്‍മര്‍ കേസിലെ കണ്ടെത്തലുകള്‍ നിര്‍ണായകമായേക്കാം. ഇസ്രയേലും വംശഹത്യാ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികള്‍ രാജ്യങ്ങള്‍ക്ക് നിയമപരമായി ബാധകമാണ്. എന്നാല്‍ വിധി നേരിട്ട് നടപ്പാക്കാന്‍ കോടതിക്ക് സംവിധാനമില്ല. വിധി പാലിക്കാത്ത സാഹചര്യമുണ്ടായാല്‍ വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന് കൈമാറാനാകും. ആയുധവിതരണം, ഇന്ധനവിതരണം തുടങ്ങിയവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യങ്ങളും ഇതോടെ ശക്തമായേക്കാം.

ICJ Finds Myanmar Responsible for Genocide Against Rohingya Muslims

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

2 അർധ സെഞ്ച്വറികൾ, ആന്ധ്രയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്

ബംഗ്ലാദേശില്‍ വീണ്ടും കലാപം, മുഹമ്മദ് യൂനുസിന്റെ വീടും ഗ്രാമീണ്‍ ബാങ്ക് ശാഖകളും തീവെച്ചു നശിപ്പിച്ചു; ധാക്കയില്‍ 565 പേർ അറസ്റ്റില്‍

ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്

മരണപ്പുല: ആർക്കൊക്കെ എത്ര ദിവസം?, ക്ഷേത്രപ്രവേശനം എപ്പോൾ?, ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാം