India-Bangladesh Ganga Water Treaty: India Plans Major Shift (Image generated using AI for representational purpose)
World

ഗംഗാ ജലം ഇനി നയതന്ത്ര ആയുധം? ബംഗ്ലാദേശിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യ

കരാര്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ; ബംഗ്ലാദേശിന് നിലവിലെ വിഹിതം തുടരും, പുതിയ നിബന്ധനകള്‍ക്ക് നീക്കം

Author : ജിതേന്ദ്ര ചൗബേ
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഗംഗാ ജല കരാറിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, കരാര്‍ പുതുക്കാതെ മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അതേസമയം, നിലവില്‍ ബംഗ്ലാദേശിന് നല്‍കിവരുന്ന ജലവിഹിതം തുടര്‍ന്നും അനുവദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജലവിഹിതം തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.

1996 ഡിസംബര്‍ 12നാണ് ഇന്ത്യയും ബംഗ്ലാദേശും ഗംഗാ നദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച 30 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്. ഫറാക്ക ബാരേജിന് സമീപമുള്ള ജലവിഹിതം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. 2026 ഡിസംബറില്‍ കാലാവധി അവസാനിക്കുന്ന കരാര്‍, ഇരുരാജ്യങ്ങളുടെയും പരസ്പര സമ്മതത്തോടെ പുതുക്കാനായിരുന്നു വ്യവസ്ഥ.

എന്നാല്‍, നിലവിലെ കരാറിലെ വ്യവസ്ഥകള്‍ പുനഃപരിശോധിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ജലം ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍, എന്‍ടിപിസിയുടെ താപവൈദ്യുത നിലയത്തിന്റെ ആവശ്യങ്ങള്‍, സുന്ദര്‍ബന്‍ മേഖലയിലെ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയല്‍ തുടങ്ങിയവയ്ക്കായി കൂടുതല്‍ ജലം ആവശ്യമാണ്.

നിലവിലെ കരാര്‍ പ്രകാരം വരള്‍ച്ചക്കാലത്ത് (മാര്‍ച്ച് 11 മുതല്‍ മേയ് 11 വരെ) പത്ത് ദിവസത്തെ ഇടവേളകളില്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മാറിമാറി 35,000 ക്യുസെക്‌സ് വീതം ജലം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. എന്നാല്‍ കൊല്‍ക്കത്ത തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ 40,000 ക്യുസെക്‌സ് ജലം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

തുറമുഖത്ത് അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും സുന്ദര്‍ബന്‍ ഡെല്‍റ്റ മേഖലയിലും സമീപത്തെ കാര്‍ഷിക പ്രദേശങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും കുറഞ്ഞത് 5,000 ക്യുസെക്‌സ് അധികജലം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളും നിര്‍ദേശങ്ങളും കേന്ദ്ര ജല കമ്മിഷന്‍ കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. കരാര്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നേരത്തെ പരാതിപ്പെട്ട പശ്ചിമ ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, ബംഗ്ലാദേശിലെ ടീസ്റ്റ നദിയുമായി ബന്ധപ്പെട്ട പദ്ധതികളിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ടീസ്റ്റ ബാരേജ് പദ്ധതിയുടെ പുനരുദ്ധാരണവും ഭാവി നടത്തിപ്പും പരിശോധിക്കാന്‍ ഇന്ത്യ നേരത്തെ സമിതിയെ നിയോഗിച്ചിരുന്നു. ടീസ്റ്റ നദിയുമായി ബന്ധപ്പെട്ട ബംഗ്ലാദേശിന്റെ പദ്ധതികളില്‍ ചൈനയുടെ ഇടപെടല്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകിയെത്തുന്ന 54 നദികളുണ്ടെന്നാണ് കണക്ക്. ഇവയുടെ ജലവിഹിതം സംബന്ധിച്ച് കൂടുതല്‍ കരാറുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ അനുകൂല നിലപാടുകള്‍ സ്വീകരിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വിഷയവും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

India Plans to Let Ganga Water Treaty with Bangladesh Expire, Eyes New Terms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

കേരളത്തില്‍ അടിമുടി മാറാന്‍ ആര്‍എസ്എസ്; 'പ്രാന്തം' പോയി 'സംഭാഗ്' വരും, ഒറ്റ നേതാവിന് കീഴിലേയ്ക്ക്

'ഞാന്‍ തെലുങ്കില്‍ മലയാളം പടവും മലയാളത്തില്‍ തെലുങ്ക് പടവും ചെയ്യുന്നുവെന്ന ട്രോള്‍ കണ്ടിരുന്നു'; കയ്യടി നേടി ദുല്‍ഖര്‍

വിഡയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം മധ്യത്തോടെ, പ്രാരംഭ വില 2.50 ലക്ഷം; അറിയാം യുബിഎക്‌സിന്റെ ഫീച്ചറുകള്‍

പുളിയില്ലാത്ത നല്ല കട്ടത്തൈര് വീട്ടിലുണ്ടാക്കാം, പാൽ ഉറയൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ