ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടം നടന്ന് 12 മണിക്കൂര്‍ പിന്നിട്ടിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ കണ്ടെത്താനായില്ല. കാലാവസ്ഥ മോശമായി തുടരുന്നതാണ് തെരച്ചില്‍ ദുഷ്‌കരമാക്കുന്നത്. അതിനിടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലില്‍ അപകടസ്ഥലം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പര്‍വതനിരയില്‍ നിന്ന് ചൂട് ഉയരുന്നത് ടര്‍കിഷ് ഡ്രോണ്‍ കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ അവസ്ഥ എന്താണ് എന്നതിനെക്കുറിച്ച് വിവരമില്ല. അതിനിടെ ഇറാന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. റഷ്യ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. എയര്‍ക്രാഫ്റ്റുകളും 50 അംഗ രക്ഷാസേനയേയും അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഉള്‍പ്പടെ 9 പേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മലനിരയില്‍ ഇടിച്ചിറക്കി എന്നാണ് പുറത്തുവരുന്നത്. പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുകയാണ്. ഇരുട്ടു മൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിച്ചു.
അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ജോല്‍ഫ നഗരത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ പറന്നുയരുന്ന സമയത്ത് പ്രദേശത്ത് നല്ല കാലാവസ്ഥയായിരുന്നു. പെട്ടെന്നാണ് കനത്ത മഴയും മൂടൽ മഞ്ഞുമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാനും കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates