വാഷിങ്ടണ്‍: ഇറാഖ് ദേശീയ ഫുട്‌ബോള്‍ ടീമിലെ സൂപ്പര്‍താരം അയ്മന്‍ ഹുസൈനെ യുഎസിലെ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത സംഭവം വിവാദമാകുന്നു. ലോകകപ്പ് ആരംഭിക്കാനിരിക്കെ, ഇറാഖ് ടീമിനൊപ്പം യുഎസിലെത്തിയ താരത്തെ ഏഴ് മണിക്കൂറിലേറെ നേരം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 12നാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. കാനഡക്കും മെക്‌സിക്കോക്കുമൊപ്പം യുഎസും വേദിയാണ്.
ടീമിനൊപ്പം എത്തിയ സ്ട്രൈക്കര്‍ അയ്മന്‍ ഹുസൈനെ അധികൃതര്‍ പ്രത്യേക പരിശോധനയ്ക്കായി മാറ്റി നിര്‍ത്തുകയും ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്‌തെന്നാണ് ഇറാഖ് ഒളിമ്പിക് കമ്മിറ്റി വൃത്തങ്ങള്‍ പറയുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പരിശോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് പുറത്തേക്ക് പോകാന്‍ അനുവദിച്ചു. ഇറാഖ് ദേശീയ ടീമിന്റെ ഫോട്ടോഗ്രാഫറായ തലാല്‍ സലാഹിനെയും അധികൃതര്‍ തടഞ്ഞുവച്ചു. പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്യലിന് ശേഷം തലാഹിന് യുഎസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. അയ്മന്‍ ഹുസൈനോ ഇറാഖ് ഫുട്‌ബോള്‍ അസോസിയേഷനോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
എല്ലാ വിദേശ യാത്രക്കാരും, അത്‌ലറ്റുകളും ടീമംഗങ്ങളും ഉള്‍പ്പെടെ, അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ക്കും നിയമപരമായ പരിശോധനകള്‍ക്കും വിധേയരാകുന്നത് സാധാരണമാണെന്ന് യുഎസ് അധികൃതര്‍ പ്രതികരിച്ചു. ഇറാഖ് സംഘത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് അധിക പരിശോധനകള്‍ വേണ്ടിവന്നു. ഇതില്‍ ഒരാള്‍ക്ക് യുഎസിലേക്ക് പ്രവേശനാനുമതി നല്‍കി. രണ്ടാമത്തെയാള്‍ കളിക്കാരനല്ല. ഫോട്ടോഗ്രാഫറായ ആള്‍ക്ക് അനുമതി നിഷേധിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇറാഖ് ദേശീയ ടീമിന് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ നിര്‍ണായക ഗോള്‍ നേടിയ താരമാണ് അയ്മന്‍ ഹുസൈന്‍. 1986ന് ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പിന് യോഗ്യത നേടുന്നത്. ചരിത്രനേട്ടത്തില്‍ ഹുസൈന്റെ പങ്ക് നിര്‍ണായകമായിരുന്നു. യുഎസിലെത്തിയ ഇറാഖ് ടീമിനെ സ്വീകരിക്കാന്‍ നിരവധി ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ ടീമിന്റെ പ്രധാന താരത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവം ഇറാഖിലും അന്താരാഷ്ട്ര ഫുട്‌ബോള്‍ ലോകത്തും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates