വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഗോള തലപ്പത്തുള്ള രണ്ടാമനായ അബു ബിലാൽ അൽ മിനൂകിയെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ അമേരിക്കൻ പ്രത്യേക സേനയും നൈജീരിയൻ സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. തന്റെ നേരിട്ടുള്ള ഉത്തരവിലായിരുന്നു അതീവ സങ്കീർണ്ണമായ ഈ ദൗത്യം ഇരുസേനകളും വിജയകരമായി പൂർത്തിയാക്കിയതെന്ന് ട്രംപ് വ്യക്തമാക്കി.
ആഫ്രിക്കയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരൻ
ആഗോളതലത്തിൽ ഐഎസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ഏറ്റവും അപകടകാരിയായ ഭീകരനായിരുന്നു അൽ മിനൂകി. "അയാൾക്ക് ആഫ്രിക്കയിൽ ഒളിച്ചിരിക്കാമെന്നാണ് കരുതിയത്, എന്നാൽ അവന്റെ ഓരോ നീക്കങ്ങളും ഞങ്ങൾക്ക് കൃത്യമായി ചോർത്തിത്തരാൻ വിശ്വസ്തരായ ഉറവിടങ്ങൾ ഉണ്ടായിരുന്നു എന്ന് അവൻ അറിഞ്ഞില്ല," ട്രംപ് കുറിച്ചു. ഐഎസ് ബന്ധത്തെത്തുടർന്ന് 2023 മുതൽ അമേരിക്ക മിനൂകിക്കുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഐഎസിന് കനത്ത പ്രഹരം
അൽ മിനൂകിയുടെ വധത്തോടെ ആഫ്രിക്കൻ ജനതയെ ഭീതിയിലാഴ്ത്താനും അമേരിക്കക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനുമുള്ള ഐഎസിന്റെ ശേഷി ഇല്ലാതായെന്ന് ട്രംപ് പറഞ്ഞു. ഇയാളുടെ നീക്കത്തോടെ ഐഎസിന്റെ ആഗോള ശൃംഖലയ്ക്കും പ്രവർത്തനങ്ങൾക്കും കനത്ത തകർച്ചയാണ് നേരിട്ടിരിക്കുന്നത്. ഭീകരവിരുദ്ധ പോരാട്ടത്തിൽ അമേരിക്കയുമായി കൈകോർത്ത നൈജീരിയൻ സർക്കാരിനും അവിടുത്തെ സൈന്യത്തിനും ട്രംപ് പ്രത്യേകം നന്ദി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates