ജെറുസലേം: ഗാസയിലെ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍-അഖ്സ ആശുപത്രിക്ക് സമീപം കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന പള്ളിയിലാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
'ഇബ്നു റുഷ്ദ് സ്‌കൂള്‍, അല്‍ അഖ്സ മോസ്‌ക് എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മധ്യ ഗാസയിലെ ദേര്‍ എല്‍-ബലാഹ് മേഖലയില്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. മരണസംഖ്യ പിന്നീട് ഉയരുകയായിരുന്നു.
അതേസമയം, പള്ളിയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇതോടെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42,000 ആയി. അതില്‍ 16,800-ലധികം കുട്ടികളും 11,000 സ്ത്രീകളും 1000 ആരോഗ്യപ്രവര്‍ത്തകരും 174 ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടുന്നതായി പലസ്തീന്‍ അധികൃതര്‍ സൂചിപ്പിക്കുന്നു.
ഗാസയില്‍ കരയാക്രമണം കൂടുതല്‍ ശക്തമാക്കാനാണ് ഇസ്രയേലിന്‍രെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്സാരിം ഇടനാഴിയും പ്രദേശത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളും ഉള്‍പ്പെടെ ഗാസ മുനമ്പിലേക്ക് കൂടുതല്‍ സൈനികരെയും ആയുധങ്ങളും അയച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. തെക്കന്‍ ഗാസയിലെ റാഫയിലോ ഗാസ മുനമ്പിന്റെ ഈജിപ്തുമായുള്ള അതിര്‍ത്തി അടയാളപ്പെടുത്തുന്ന ഫിലാഡല്‍ഫി ഇടനാഴിയിലോ സൈന്യത്തെ കുറയ്ക്കില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates