വാഷിങ്ടൻ: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു അടുത്തെത്തിയെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സമൂഹ മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും അതുപയോഗിക്കുന്നവർ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ തീവ്രവാദ ഭരണകൂടവുമായി ബന്ധപ്പെട്ട് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വളരെ അടുത്ത് അമേരിക്ക എത്തിക്കഴിഞ്ഞു. അതിനാൽ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് പരിഗണനയിലാണ്. ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങൾ തന്നെ അതിനെ ആവശ്യാനുസരണം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ആവശ്യപ്പെടുകയാണെങ്കിൽ ഈ രാജ്യങ്ങളെ തങ്ങൾ സഹായിക്കുമെന്നും ഇറാന്റെ ഭീഷണി ഇല്ലാതായാൽ അത് ആവശ്യമായി വരരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിനിടെ ഹോർമൂസിനെ ലക്ഷ്യമിടുന്ന ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ യുഎസിനു തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. എന്നാൽ യുകെയുടെ തീരുമാനം വൈകിപ്പോയെന്നു ട്രംപ് പറഞ്ഞു. അവർ തങ്ങളുടെ ആദ്യ സഖ്യകക്ഷിയായിരുന്നു. ബന്ധം വളരെ നല്ലതാണെന്നും പക്ഷേ ഇത് മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ചാഗോസ് ദ്വീപുകളുടെ ഭാഗമായ ഡീഗോ ഗാർസിയയുടെ പരമാധികാരം യുകെ മൗറീഷ്യസിനു വിട്ടുകൊടുത്തിരുന്നെങ്കിലും സേനാ താവളങ്ങൾ പിന്നീട് പാട്ടത്തിനെടുത്തിരുന്നു.
അതേസമയം ഇറാൻ കേന്ദ്രങ്ങൾ ആക്രമിക്കാനായി തങ്ങലുടെ സേനാ താവളങ്ങൾ ഉപയോഗിക്കാൻ യുഎസിനു അനുമതി നൽകിയ യുകെ നടപടി അപകടകരമെന്നു ഇറാൻ വിദേശ കാര്യ മന്ത്രി പ്രതികരിച്ചു. ബ്രിട്ടീഷ് ജീവനുകളെ കിയ സ്റ്റാമർ അപകടത്തിലാക്കുകയാണെന്നു അബ്ബാസ് അരാഗ്ചി ആരോപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാൻ പ്രയോഗിക്കുമെന്നു ആദ്ദേഹം മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates