ജറുസലേം: ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജന ജീവിതത്തെ ബാധിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇരുപത് ലക്ഷത്തോളം വരുന്ന ഗാസ നിവാസികളെ ബാധിക്കുന്ന വിധത്തില്‍ ഭക്ഷണം, ഇന്ധനം, മരുന്നുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ തടഞ്ഞാണ് ഇസ്രയേലിന്റെ ഇടപെടല്‍. ഇതോടെ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമവും വിലക്കയറ്റവും രൂക്ഷമായി തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിനാറ് മാസത്തെ യുദ്ധം ഗാസ ജനതയെ തീര്‍ത്തും അഭയാര്‍ത്ഥി ജീവിതത്തിലേക്ക് തള്ളിവിട്ടിരുന്നു. ഭക്ഷണം ഉള്‍പ്പെടെ അന്താരാഷ്ട്ര സഹായത്തെ അടിസ്ഥാനമാക്കിയായിരുന്നു നടന്നിരുന്നത്. ഇതിന് പുറമെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ മുതല്‍ ആശുപത്രികള്‍ക്കാവശ്യമായ ഇന്ധനം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം തീര്‍ത്തും ഇത്തരം വിദേശ സഹായങ്ങളിലൂടെ ആയിരുന്നു പുരോഗമിച്ചത്. എന്നാല്‍ ഒന്നാം ഘട്ട വെടി നിര്‍ത്തല്‍ കാലാവധി പൂര്‍ത്തിയാവുകയും രണ്ടാം ഘട്ട കരാര്‍ സാധ്യമാകാതിരിക്കുകയും ചെയ്തതോടെയാണ് ഇസ്രയേല്‍ ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും തടഞ്ഞത്.
ഉപരോധം നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഭക്ഷണം, ഇന്ധനം മറ്റ് താമസ സൗകര്യങ്ങള്‍ എന്നിവ പ്രതിസന്ധി നേരിട്ടു തുടങ്ങി എന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന വിവരം. വേള്‍ഡ് ഫുഡ് പ്രോഗ്രാം പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം പരമാവധി രണ്ടാഴ്ച ഉപയോഗിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് ഗാസയിലുള്ളത്. ഭക്ഷണ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനവും പരിമിതമാണെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള താത്കാലിക ടെന്റുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവയും പരിമിതമാണെന്നും സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
മാനുഷിക സഹായം തടഞ്ഞ് ഗാസയ്ക്ക് മേല്‍ ദുരിതം വിതയ്ക്കുന്ന ഇസ്രയേലിനെതിരെ പ്രതികരിക്കണം എന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയുന്നത് ഒപ്പം വടക്കന്‍ വെസ്റ്റ് ബാങ്കിലെ, ജെനിനിലും തുല്‍ക്കറെമിലും ക്യാംപുകള്‍ക്ക് മേല്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിടുന്നത് തുടരുകയാണ് എന്നും പലസ്തീന്‍ അധികൃതര്‍ ആരോപിച്ചു.
അതിനിടെ, ഗാസ പുനരധിവാസം സംബന്ധിച്ച് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച് ഫോര്‍മുല ഇസ്രയേലും യുഎസും തള്ളിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ മുനമ്പില്‍ താമസിക്കുന്ന 2.1 ദശലക്ഷം പലസ്തീനികളെ തങ്ങളുടെ പ്രദേശത്ത് തുടരാന്‍ അനുവദിക്കുന്ന നിലയില്‍ ആയിരുന്നു അറബ് മാസ്റ്റര്‍ പ്ലാന്‍. ഗാസ ഏറ്റെടുത്ത് അവിടെയുള്ള ജനങ്ങളെ സ്ഥിരമായി പുനരധിവസിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പദ്ധതിക്ക് ബദല്‍ എന്ന നിലയില്‍ ആയിരുന്നു കെയ്റോയില്‍ നടന്ന ഉച്ചകോടിയില്‍ അറബ് നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഗാസയുടെ ഭരണം താത്കാലികമായി ഒരു സ്വതന്ത്ര കമ്മിറ്റിക്ക് നല്‍കുകയും അന്താരാഷ്ട്ര സമാധാന സേനയുടെ വിന്യാസവും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച പദ്ധതി. അറബ് ഫോര്‍മുലയെ പലസ്തീന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഗാസയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്ന പദ്ധതിയല്ല ഇതെന്നാണ് ഇസ്രയേലിന്റെയും യുഎസിന്റെയും നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates