
വാഷിംഗ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ വാക്കേറ്റം നടന്ന് ദിവസങ്ങള്‍ക്കകം യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സമ്മതിക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദ്ദം കുത്തനെ വര്‍ധിപ്പിച്ചാണ് അമേരിക്കന്‍ നടപടി.
യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് തീരുമാനമാകാതെ കൂടിക്കാഴ്ച വാക്കേറ്റത്തിലാണ് അവസാനിച്ചത്.ഇതിന് പിന്നാലെയാണ് അമേരിക്കയുടെ കടുത്ത നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക - ആയുധ സഹായം നല്‍കില്ല. പ്രശ്‌നപരിഹാരത്തിന് യുക്രൈന്‍ തയ്യാറായാല്‍ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി.
'സമാധാനത്തിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തില്‍ ഞങ്ങളുടെ പങ്കാളികളും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
'ഒരു പരിഹാരത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി യുക്രൈനുള്ള ഞങ്ങളുടെ സഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണ്. സഹായം സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി'- ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. സെലെന്‍സ്‌കിയുടെ ധിക്കാരപരമായ നിലപാടിനോട് താന്‍ കൂടുതല്‍ കാലം 'സഹിക്കില്ല' എന്ന് ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക