വാഷിങ്ടന്: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചല്സിലെ മേയര് തെരഞ്ഞെടുപ്പില് മുന് രാഷ്ട്രീയ സഖ്യകക്ഷിയും നിലവിലെ മേയറുമായ കാരന് ബാസിനെതിരെ കേരളത്തില് ജനിച്ച നിത്യ രാമന് ലീഡ് നിലനിര്ത്തുന്നു. ചൂടേറിയ ടെലിവിഷന് സംവാദത്തിന് ശേഷമാണ് നിത്യ രാമന് മുന്നിലെത്തിയത്. ഡെമോക്രാറ്റ് പാര്ട്ടി അംഗങ്ങളായ കാരന് ബാസും നിത്യ രാമനും ചൊവ്വാഴ്ച വൈകിട്ട് നടന്ന സംവാദത്തില് ഭവനരഹിതരുടെ പ്രതിസന്ധി, പൊതു സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് സംസാരിച്ചത്.
നവംബര് 3ന് നടക്കുന്ന തെരഞ്ഞെടുപ്പില് വിജയിച്ചാല്, ലോസ് ഏഞ്ചല്സിന്റെ ആദ്യ ഇന്ത്യന്-അമേരിക്കന് മേയര് എന്ന ചരിത്രനേട്ടം നിത്യ രാമന് സ്വന്തമാകും. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില് അംഗമായ നിത്യ രാമന് ആറ് വര്ഷമായി സിറ്റി കൗണ്സില് അംഗമായി സേവനമനുഷ്ഠിച്ചു വരികയാണ്. തെരഞ്ഞെടുപ്പില് മത്സരിക്കാന് തീരുമാനിക്കുന്നതിന് മുന്പ് കാരന് ബാസിന്റെ പുനര്തിരഞ്ഞെടുപ്പിനെ പിന്തുണച്ചിരുന്ന നിത്യ രാമന്, കഴിഞ്ഞ വര്ഷം ജനുവരിയില് നഗരത്തിലുണ്ടായ വലിയ തീപിടിത്തത്തിന്റെ സമയത്ത് മേയര് സ്ഥലത്തില്ലാതിരുന്നതിനെതിരെ രൂക്ഷവിമര്ശനം ഉന്നയിച്ചു.
ഒരു മണിക്കൂര് നീണ്ട സംവാദത്തിനിടെ, നിത്യ രാമന് തീരുമാനങ്ങള് എടുക്കാന് കഴിയാത്തയാളും ഉയര്ന്ന പദവിക്ക് അനുയോജ്യയല്ലെന്നും കാരന് ബാസ് ആരോപിച്ചു. എന്നാല്, ലോസ് ഏഞ്ചല്സിന് കൂടുതല് തകര്ച്ചയോ ഭരണനിര്വ്വഹണത്തിലെ വീഴ്ചകളോ ഇനി താങ്ങാന് കഴിയില്ലെന്ന് നിത്യ രാമന് തിരിച്ചടിച്ചു. നാല് വര്ഷം മുമ്പുള്ളതിനേക്കാള് മികച്ച നിലയിലാണോ നിങ്ങള് ഇന്നുള്ളതെന്ന് 1980ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തില് പ്രസിഡന്റ് റൊണാള്ഡ് റീഗന് ഉപയോഗിച്ച പ്രസിദ്ധ വാചകം ഉദ്ധരിച്ചുകൊണ്ട് നിത്യ രാമന് വോട്ടര്മാരോട് ചോദിച്ചു.
കോടിക്കണക്കിന് ഡോളര് ചെലവഴിച്ചിട്ടും ലോസ് ഏഞ്ചല്സില് ഭവനരഹിതരുടെ എണ്ണം വര്ദ്ധിച്ചുവരുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച നിത്യ രാമന്, തനിക്ക് നല്കുന്ന വോട്ട് ആളുകള്ക്ക് വീണ്ടും തങ്ങളുടെ സ്വപ്നം കെട്ടിപ്പടുക്കാന് കഴിയുന്ന ഒരു നഗരം നിര്മിക്കാന് സഹായിക്കുമെന്ന് പറഞ്ഞു. താന് മേയര് ആയാല്, മേയര് എവിടെയെന്ന് അന്വേഷിക്കേണ്ടി വരില്ലെന്നും മുന്നിരയില് ഉണ്ടാകുമെന്നും അവര് കൂട്ടിച്ചേര്ത്തു.
1981 ജൂലൈ 28ന് കേരളത്തിലെ തമിഴ് അയ്യര് കുടുംബത്തില് ജനിച്ച നിത്യ രാമന്, ആറാം വയസ്സിലാണ് ലൂസിയാനയിലേക്ക് കുടിയേറിയത്. ഹാര്വാഡ് സര്വകലാശാലയില് നിന്ന് പൊളിറ്റിക്കല് തിയറിയില് ബിരുദവും തുടര്ന്ന് എംഐടിയില് നിന്ന് അര്ബന് പ്ലാനിങ്ങില് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സംവാദത്തിന് മുന്നോടിയായി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയയുടെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഗവണ്മെന്റല് സ്റ്റഡീസ് നടത്തിയ സര്വേയില് കാരന് ബാസിനേക്കാള് 11 വോട്ടിന്റെ മുന്തൂക്കം നിത്യ രാമന് ലഭിച്ചിരുന്നു. സെപ്റ്റംബര് 15നും 20നും ഇടയില് നടത്തിയ സര്വേയില് 39 ശതമാനം വോട്ടര്മാര് ലോസ് ഏഞ്ചല്സ് മേയര് സ്ഥാനത്തേക്ക് നിത്യ രാമനെ പിന്തുണച്ചപ്പോള് 28 ശതമാനം പേര് മാത്രമാണ് കാരന് ബാസിനെ പിന്തുണച്ചത്. ഏകദേശം മൂന്നിലൊന്ന് വോട്ടര്മാര് ആർക്ക് വോട്ട് ചെയ്യണമെന്നതില് തീരുമാനം എടുത്തിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates