ഹോങ്കോങ്ങ്: ഹോങ്കോങ്ങ് മൃഗശാലയിൽ ബാക്ടീരിയ ബാധയെ തുടർന്ന് 10 ദിവസത്തിനിടെ ചത്തത് 12 കുരങ്ങുകള്‍. മലിനമായ മണ്ണിൽ കാണപ്പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സെപ്സിസ് എന്ന രോഗാവസ്ഥയെ തുടർന്നാണ് കുരങ്ങുകൾ ചത്തതെന്ന് പോസ്റ്റ്മോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. രോഗബാധ ശ്രദ്ധിയിൽപെട്ട ഒക്ടോബർ 13ന് ഐസൊലേക്ക് ചെയ്ത അർബോറിയൽ ആഫ്രിക്കൽ പ്രൈമേറ്റുകളിൽ ഒന്നായ ഡി ബ്രസ്സ കുരങ്ങാണ് അവസാനമായി ചത്തത്. അണുബാധയെ തുടർന്ന് ശരീര കോശങ്ങൾ തകരാറിലാവുകയും അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.
മൃഗശാലയിലെ ജോലിക്കാരുടെ ഷൂസിൽ നിന്ന് മലിനമായ മണ്ണ് കൂടിനുള്ളിൽ എത്തിയെന്നാണ് സംശയം. മൃഗശാലയിൽ ഗുഹകളും കൂടു നിർമാണവും പുരോഗമിക്കുന്നതിനിടെയാണ് വലിയ തോതിൽ കുരുങ്ങുകൾ ചത്തത്. എന്നാൽ മനുഷ്യരിലേക്ക് ഈ ബാക്ടീരിയ ബാധ പകരാനുള്ള സാധ്യത കുറവാണെങ്കിലും ജീവനക്കാർ ഇപ്പോൾ നിരീക്ഷണത്തിലാണെന്നും മൃഗശാല അധികൃതർ അറിയിച്ചു. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന കോട്ടൺ ടോപ്പ് ടാമറിൻ, വെളുത്ത മുഖമുള്ള സാക്കികൾ, സാധാരണ അണ്ണാൻ കുരങ്ങുകൾ, ഡി ബ്രാസ അടക്കമുള്ള കുരങ്ങുകളാണ് ഇവിടെ ചത്തത്.
ഹോങ്കോങ്ങിലെ നഗര ഹൃദയത്തിൽ 14 ഏക്കർ സ്ഥലത്താണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. കുരങ്ങന്മാരുടെ അണുബാധയേറ്റുള്ള മരണത്തിൽ മൃഗസ്നേഹികൾ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. മൃഗങ്ങളെ മനുഷ്യന്റെ വിനോദത്തിനായി പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കുമ്പോൾ മാത്രമാണ് ഇത്തരം സാഹചര്യങ്ങൾ ഒഴിവാകൂ എന്ന് മൃഗസ്നേഹികളും പരിസ്ഥിതി വാദികും വിമർശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates