ഹേഗ്: റോഹിങ്ക്യൻ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തിയെന്ന ആരോപണത്തിൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വ്യാഴാഴ്ച വിധി പറയും. ലോകശ്രദ്ധയാകർഷിക്കുന്ന കേസിലെ വിധി റോഹിങ്ക്യൻ അഭയാർഥികളുടെ ദുരിതങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര തലത്തിൽ വംശഹത്യാ കേസുകളിൽ നിയമപരമായ പുതിയ കീഴ്വഴക്കങ്ങൾക്കും വിധി വഴിയൊരുക്കിയേക്കും.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് 2019ൽ മ്യാൻമറിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. 1948ലെ വംശഹത്യാ നിരോധന കൺവെൻഷൻ മ്യാൻമർ ലംഘിച്ചുവെന്നാണ് ഗാംബിയയുടെ ആരോപണം. റോഹിങ്ക്യൻ വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും വംശഹത്യയ്ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ഗാംബിയ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന പരസ്യവാദത്തിനിടെ മ്യാൻമർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. റോഹിങ്ക്യൻ സായുധസംഘത്തിനെതിരായ ഭീകരവിരുദ്ധ നടപടിയാണ് സൈന്യം നടത്തിയതെന്നും അതിനെ വംശഹത്യയായി കാണാനാകില്ലെന്നുമായിരുന്നു മ്യാൻമറിന്റെ വാദം. വംശഹത്യ നടത്തിയെന്ന് കോടതി കണ്ടെത്തിയാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ വിധിയായിരിക്കും ഇത്. 2007ൽ ബോസ്നിയയിലെ സ്രെബ്രെനിക്ക കൂട്ടക്കൊലയിൽ വംശഹത്യ തടയാനുള്ള ബാധ്യത സെർബിയ ലംഘിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഒരു രാജ്യത്തെ നേരിട്ട് വംശഹത്യയ്ക്ക് ഉത്തരവാദിയാക്കിയുള്ള വിധി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
ബുദ്ധമത ഭൂരിപക്ഷ രാജ്യമായ മ്യാൻമറിൽ റോഹിങ്ക്യകൾക്ക് വർഷങ്ങളായി അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. തലമുറകളായി രാജ്യത്ത് താമസിക്കുന്നവരാണെങ്കിലും ഇവരെ ബംഗ്ലാദേശിൽനിന്നുള്ളവരെന്നാണ് മ്യാൻമർ വിശേഷിപ്പിക്കുന്നത്. 1982 മുതൽ ഭൂരിഭാഗം റോഹിങ്ക്യകൾക്കും പൗരത്വം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യമില്ലാത്ത ജനവിഭാഗമായി ഇവർ മാറി. സഞ്ചാരസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങളും ഇവർക്ക് നിഷേധിക്കപ്പെടുന്നു.
2017 ഓഗസ്റ്റിൽ റോഹിങ്ക്യൻ സായുധസംഘത്തിന്റെ ആക്രമണത്തിന് പിന്നാലെ വടക്കൻ റാഖൈൻ സംസ്ഥാനത്ത് മ്യാൻമർ സൈന്യം സൈനിക നടപടി ആരംഭിച്ചു. ഇതോടെ ഏഴുലക്ഷത്തിലധികം റോഹിങ്ക്യകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. സൈനിക നടപടികൾക്കിടെ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നതായും ആയിരക്കണക്കിന് വീടുകൾ കത്തിച്ചതായും ആരോപണമുയർന്നു.
നിലവിൽ 12 ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് ബംഗ്ലാദേശിലുള്ളത്. ഇവരിൽ ഭൂരിഭാഗവും കോക്സ് ബസാർ ജില്ലയിലെ തിങ്ങിനിറഞ്ഞ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. തീപിടിത്തം, പകർച്ചവ്യാധികൾ, മൺസൂൺ കാലത്തെ മണ്ണിടിച്ചിൽ, ശുചിത്വമില്ലായ്മ, തൊഴിൽ നിയന്ത്രണങ്ങൾ തുടങ്ങിയവ ഇവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു.
സമീപ വർഷങ്ങളിലുണ്ടായ സാമ്പത്തിക സഹായത്തിലെ കുറവും സ്ഥിതി വഷളാക്കി. ഇതോടെ ആയിരക്കണക്കിന് അഭയാർഥികൾ മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടൽമാർഗം അപകടകരമായ യാത്രകൾ നടത്തുകയാണ്. 2025ൽ മാത്രം 6,500ലധികം പേർ ഇത്തരത്തിൽ കടൽമാർഗം യാത്രയ്ക്ക് ശ്രമിച്ചതായി യുഎൻ അഭയാർഥി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 900 പേർ കടലിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തു.
അതേസമയം, 5.5 ലക്ഷം റോഹിങ്ക്യകൾ ഇപ്പോഴും മ്യാൻമറിലുണ്ട്. സഞ്ചാരസ്വാതന്ത്ര്യം, ആരോഗ്യപരിരക്ഷ, ഉപജീവനമാർഗങ്ങൾ എന്നിവയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഇവർ നേരിടുന്നത്. 2021ലെ സൈനിക അട്ടിമറിക്ക് ശേഷം സ്ഥിതി കൂടുതൽ മോശമായി.
റോഹിങ്ക്യകൾക്ക് പൂർണ പൗരത്വം നൽകണമെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവകാശം ഉറപ്പാക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഗാംബിയ കോടതിക്കു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. റോഹിങ്ക്യകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഗാംബിയ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികൾ അന്തിമവും നിയമപരമായി ബാധകവുമാണ്. എന്നാൽ വിധി നടപ്പാക്കാൻ കോടതിക്ക് നേരിട്ട് സംവിധാനങ്ങളില്ല. വിധി പാലിക്കാത്ത സാഹചര്യമുണ്ടായാൽ വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് കോടതിക്ക് കഴിയുക.
എങ്കിലും റോഹിങ്ക്യകൾക്കെതിരെ നടന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി അംഗീകരിക്കുന്നത് വലിയ നേട്ടമായിരിക്കുമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിലെ അന്താരാഷ്ട്ര നിയമ പ്രൊഫസർ മെലാനി ഒബ്രിയൻ പറഞ്ഞു. സംഭവിച്ചതെന്താണെന്ന് പരസ്യമായി അംഗീകരിക്കുന്നതിലൂടെ ഇരകൾക്ക് നീതി ലഭിക്കുന്നതിന്റെ ഭാഗമായുള്ള അംഗീകാരമാണ് ലഭിക്കുന്നതെന്നും അവർ വ്യക്തമാക്കി.
റോഹിങ്ക്യൻ മനുഷ്യാവകാശ പ്രവർത്തക യാസ്മിൻ ഉല്ലയും കേസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. അംഗീകാരവും അന്തസ്സുമാണ് തന്റെ സമൂഹം ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു. കോക്സ് ബസാറിലെ അഭയാർഥി ക്യാമ്പിൽനിന്ന് വിധി കേൾക്കാനെത്തിയ യൂസഫ് അലിയും കേസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇത് റോഹിങ്ക്യൻ സമൂഹത്തിന് മാത്രമുള്ള പോരാട്ടമല്ലെന്നും ഇത്തരം ദുരിതങ്ങൾ നേരിട്ട എല്ലാ സമൂഹങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
റോഹിങ്ക്യൻ വംശഹത്യാ കേസിനൊപ്പം മറ്റ് രാജ്യങ്ങൾക്കെതിരായ വംശഹത്യാ ആരോപണങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലുണ്ട്. ഗാസയിലെ സൈനിക നടപടികളിലൂടെ ഇസ്രയേൽ വംശഹത്യാ നിരോധന കൺവെൻഷൻ ലംഘിച്ചുവെന്ന് ദക്ഷിണാഫ്രിക്ക ആരോപിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണം ഇസ്രയേൽ ശക്തമായി നിഷേധിക്കുന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച സൈനിക നടപടി രാജ്യത്തെ ജനങ്ങളുടെ സംരക്ഷണത്തിനായുള്ളതാണെന്നാണ് ഇസ്രയേലിന്റെ വാദം.
ഗാസയിലെ സംഘർഷത്തിൽ ഉപയോഗിച്ച ആയുധങ്ങൾ ഇസ്രയേലിന് വിറ്റതിലൂടെ ജർമനി വംശഹത്യാ കൺവെൻഷൻ ലംഘിച്ചുവെന്ന് നിക്കരാഗ്വയും ആരോപിച്ചിട്ടുണ്ട്. എന്നാൽ ജർമനി ഈ ആരോപണം നിഷേധിക്കുകയും കേസ് തള്ളിക്കളയണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. 2022ലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രെയ്നും റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഈ കേസുകളിലെല്ലാം അന്തിമവിധി വരാൻ ഇനിയും വർഷങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates