

ഷെന്‍ഷെന്‍: അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ശ്രദ്ധേയമായ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പൊതുവേദിയില്‍ ഒന്നിച്ചെത്തി. ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ബുധനാഴ്ച വൈകിട്ടാണ് സംഭവം. മൂവരും ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായാണ്. ഷി ജിന്‍പിങ്ങും ഭാര്യ പെങ് ലിയുവാനും ആതിഥേയത്വം വഹിച്ച വിരുന്നിന് മുന്നോടിയായാണ് ശ്രദ്ധേയമായ കൂടിക്കാഴ്ച നടന്നത്.
ചുവന്ന പരവതാനിയിലൂടെ ട്രംപിനും ഷി ജിന്‍പിങ്ങിനും അരികിലേക്ക് പുടിന്‍ നടന്നെത്തുകയായിരുന്നു. തുടര്‍ന്ന് മൂന്ന് നേതാക്കളും ഒരുമിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടെ ട്രംപും പുടിനും പരസ്പരം ഹസ്തദാനം ചെയ്യുകയും അഭിവാദ്യം കൈമാറുകയും ചെയ്തു. ഇരുവരും പരസ്പരം തോളില്‍ തട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഷി ജിന്‍പിങ് സമീപത്തുനിന്ന് ഇരുവരുടെയും കൂടിക്കാഴ്ച വീക്ഷിച്ചു. ക്രെംലിന്‍ മാധ്യമസംഘം ടെലഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്.
2025 ഓഗസ്റ്റില്‍ അലാസ്‌കയില്‍ നടന്ന റഷ്യ-യുഎസ് ഉച്ചകോടിക്കുശേഷം ആദ്യമായാണ് ട്രംപും പുടിനും നേരിട്ട് കാണുന്നത്. ഷെന്‍ഷെനിലെ ഇരുവരുടെയും കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെങ്കിലും അധികനേരം നീണ്ടുനിന്നില്ല. ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം നേതാക്കള്‍ മുന്നോട്ടുപോയി. ട്രംപ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പുടിന്‍ ഷെന്‍ഷെനിലെത്തിയിരുന്നു. തുടര്‍ന്ന് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. മോസ്‌കോയും ബെയ്ജിങ്ങും പിന്തുടരുന്ന വിദേശനയ തന്ത്രം ഫലപ്രദമാണെന്ന് പുടിന്‍ പ്രതികരിക്കുകയും ചെയ്തു.
അതേസമയം, എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഷെന്‍ഷെനിലെത്തിയ ട്രംപിനെ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഷി ജിന്‍പിങ് സ്വീകരിച്ചത്. സൈനിക ബഹുമതികളും കുട്ടികള്‍ പൂക്കള്‍ നല്‍കി നടത്തിയ സ്വീകരണവും യുദ്ധവിമാനങ്ങളുടെ അഭിവാദ്യവും ഉള്‍പ്പെടുന്നതായിരുന്നു ചടങ്ങുകള്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈന-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള താത്പര്യം ഷി ജിന്‍പിങ് പ്രകടിപ്പിച്ചു.
വ്യാഴാഴ്ചയാണ് ട്രംപ്, പുടിന്‍, ഷി ജിന്‍പിങ് എന്നിവര്‍ പങ്കെടുക്കുന്ന നിര്‍ണായക ത്രികക്ഷി കൂടിക്കാഴ്ച നടക്കുന്നത്. ആഗോള രാഷ്ട്രീയത്തിലും സുരക്ഷയിലും നിര്‍ണായകമായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്കിടെ ട്രംപും പുടിനും ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ക്രെംലിന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യൂറി ഉഷാക്കോവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates