കാഠ്മണ്ഡു: നേപ്പാളില്‍ ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം കത്തുന്നു. പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചതായി ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ സംഘർഷങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു. വൈകീട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രസഭാ യോഗത്തിൽ അദ്ദേഹം പ്രധാനമന്ത്രി കെപി ശർമ ഒലിക്ക് രാജി നൽകി. കാഠ്മണ്ഡു, പൊഖാറ, ബുടാവൽ, ഭൈരഹവ, ഭരത്പുർ, ഇറ്റഹരി, ദാമക് തുടങ്ങിയ ഇടങ്ങളിൽ യുവാക്കൾ തെരുവിലിറങ്ങി.
കഠ്മണ്ഡുവില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പിന്നാലെയാണ് വെടിവയ്പ്പുമുണ്ടായത്. പ്രതിഷേധക്കാര്‍ നിയമസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതൊന്നും വിലപ്പോയില്ല. നിരോധനങ്ങള്‍ മറികടന്നാണ് പ്രതിഷേധക്കാര്‍ തെരുവ് കൈയടക്കിയത്. നേപ്പാളില്‍ പ്രാദേശിക സമയം രാത്രി 10 മണി വരെ കര്‍ഫ്യൂ തുടരുമെന്ന് കാഠ്മണ്ഡു ജില്ലാ ഓഫീസിന്റെ വക്താവ് മുക്തിറാം റിജാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നേപ്പാളില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍മായതായാണ് വിവരം.
രാജ്യസുരക്ഷയുടെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates