കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജനകീയ പ്രക്ഷോഭം ശക്തമായ ശ്രീലങ്കയില്‍ ജനരോഷം തണുപ്പിക്കുന്നതിനായി സര്‍വകക്ഷി ദേശീയ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കം പാളി. സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റ് ഗോതബായ രാജപക്‌സയുടെ ക്ഷണം പ്രതിപക്ഷം നിരസിച്ചു. പ്രസിഡന്റ് ഗോതബായ രജപക്‌സെക്കും, സഹോദരനും പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്‌സെക്കുമൊപ്പം അധികാരം പങ്കിടാനില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും ജനത വിമുക്തി പെരുമുനയും അറിയിച്ചു.
മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്എല്‍എഫ്പി) ഭരണ മുന്നണി വിടുകയാണെന്നു പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ പ്രത്യേക വിഭാഗമായി ഇരിക്കും. ഭരണമുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി. ജനരോഷം സര്‍ക്കാര്‍ അവഗണിച്ചാല്‍ ഭരണപക്ഷത്തിനൊപ്പമുള്ള 50 എംപിമാര്‍ പിന്തുണ പിന്‍വലിച്ചേക്കും.
ജനകീയ പ്രതിഷേധം മറികടക്കാനായി ധനവകുപ്പ് കയ്യാളിയിരുന്ന പ്രസിഡന്റ് ഗോതബായയുടെ സഹോദരന്‍ ബേസില്‍ രാജപക്‌സയെ പുറത്താക്കിയിരുന്നു. അദ്ദേഹം വഹിച്ചിരുന്ന ധനവകുപ്പ് നീതിന്യായവകുപ്പ് മന്ത്രിയായിരുന്ന അനില്‍ സബ്രിക്കു നല്‍കി. ജി എല്‍ പെയ്‌രിസിനെ വിദേശകാര്യമന്ത്രിയായും, ദിനേശ് ഗുണവര്‍ധനയെ വിദ്യാഭ്യാസ വകുപ്പ്, ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോയെ ദേയീശപാതകളുടെ ചുമതലയുള്ള മന്ത്രിയായും നിയമിച്ചു. ഇതിനുപിന്നാലെയാണ് ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി മുന്നണിവിട്ടത്.
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചുള്ള പരിപാടി വേണ്ടെന്ന്, രാജിവെച്ച മന്ത്രിമാരെ വീണ്ടും ഉള്‍പ്പെടുത്തി സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് പതിനൊന്നംഗസഖ്യ കക്ഷികളുടെ നേതാവ് ഉദയഗമ്മന്‍പില പറഞ്ഞു. കുടുംബവാഴ്ചയുടെയും അഴിമതിയുടെയും ആരോപണം നേരിടുന്ന പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ആവശ്യപ്പെട്ടു. ജനകീയ സമരത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിനിമാ താരങ്ങളും കായികതാരങ്ങളും അഭിഭാഷകരും സമരത്തെ പിന്തുണച്ചു തെരുവിലെത്തിയിട്ടുണ്ട്. ഇതോടെ രജപക്സെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ ദക്ഷിണ ശ്രീലങ്കയിലെ തങ്കലയിലുള്ള സ്വകാര്യ വസതി ജനക്കൂട്ടം വളഞ്ഞു. വീട്ടിലേക്ക് ഇരച്ചുകയറാൻ സമരക്കാര്‍ ശ്രമിച്ചു. ഇതേത്തുടർന്ന് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഭരണകക്ഷിയായ പീപ്പിള്‍ ഫ്രീഡം അലയന്‍സിന്റെ ഓഫിസുകളിലേക്കും എം പിമാരുടെ വീടുകളിലേക്കും സമരക്കാർ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates