കാഠ്മണ്ഡു: യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. അന്താരാഷ്ട്ര യോഗദിന ആഘോഷങ്ങള്‍ക്കിടെയാണ് ഒലിയുടെ വിവാദ പരാമര്‍ശം. ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്താവന ഒലി ആവര്‍ത്തിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
'ഇന്ത്യ എന്ന രാജ്യം നിലവില്‍ വരുന്നതിന് മുമ്പുതന്നെ നേപ്പാളില്‍ ആളുകള്‍ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല. യോഗ കണ്ടുപിടിക്കപ്പെട്ട സമയത്ത് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നില്ല. ഇന്ത്യ നിരവധി നാട്ടുകാര്യങ്ങളായിരുന്ന കാലത്തുതന്നെ നേപ്പാളില്‍ ജനങ്ങള്‍ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം നേപ്പാളിലോ ഉത്തരാഖണ്ഡിന് സമീപത്തോ ആണ്. യോഗ കണ്ടെത്തിയ ഋഷിമാര്‍ക്ക് നാം ആദരവ് നല്‍കിയിട്ടില്ല. എന്നാല്‍ ഇക്കാര്യം പ്രൊഫസര്‍മാര്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്' - അന്താരാഷ്ട്ര യോഗദിനത്തില്‍ സംസാരിക്കവെ ഒലി അവകാശപ്പെട്ടു.
'യോഗയുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ അവകാശവാദം ഉന്നയിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. യോഗയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനും നമുക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്ക് രാജ്യാന്തര പ്രശസ്തി നല്‍കിയത്.' ശര്‍മ ഒലി കൂട്ടിച്ചേര്‍ത്തു.
ശ്രീരാമന്‍ ജനിച്ചത് ഇന്ത്യയിലെ അയോധ്യയില്‍ അല്ല, നേപ്പാളിലെ ചിത്വാര്‍ ജില്ലയിലുള്ള അയോധ്യാപുരി എന്നറിയപ്പെടുന്ന സ്ഥലത്താണെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വലിയ ക്ഷേത്രങ്ങള്‍ അവിടെ നിര്‍മിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 'അയോധ്യാപുരി നേപ്പാളിലാണ്. വാത്മീകി ആശ്രമം നേപ്പാളിലെ അയോധ്യാപുരിക്ക് സമീപമാണ്. സീത മരിച്ച ദേവ്ഘട്ട് അയോധ്യാപുരിക്കും വാത്മീകി ആശ്രമത്തിനും സമീപമാണ് - അദ്ദേഹം അവകാശപ്പെട്ടു.
'പതഞ്ജലി അടക്കമുള്ള മഹര്‍ഷിമാരുടെ നാടാണ് നേപ്പാള്‍. ഇവിടെ ജനിച്ച നിരവധി മഹര്‍ഷിമാര്‍ നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. വിശ്വാമിത്ര മഹര്‍ഷി അടക്കമുള്ളവരും നേപ്പാളിലാണ് ജനിച്ചത്. ശ്രീരാമനും ലക്ഷ്മണനും വിദ്യ പകര്‍ന്നു നല്‍കിയത് അദ്ദേഹമാണ്. ഇത്തരത്തിലുള്ള ചരിത്രപരവും മതപരവുമായ കാര്യങ്ങളെല്ലാം വളച്ചൊടിക്കപ്പെട്ടു. ഒരു പുതിയ ചരിത്രം നമുക്ക് രചിക്കേണ്ടതുണ്ട്. വസ്തുതകള്‍ നമുക്ക് അറിയാമെന്നിരിക്കെ സത്യം പറയുന്നതിന് നാം മടിക്കേണ്ട ആവശ്യമില്ല. ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ആര്‍ക്കും വളച്ചൊടിക്കാന്‍ കഴിയില്ല' - ശര്‍മ ഒലി അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates