ലാഹോര്‍: പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ പുകമഞ്ഞ് രൂക്ഷമായതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍. ഇന്ത്യയില്‍ നിന്നുള്ള കാറ്റ് മൂലമാണ് ലാഹോറില്‍ പുകമഞ്ഞ് രൂക്ഷമാകാന്‍ കാരണമെന്നാണ് പാകിസ്ഥാന്റെ വാദം. പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വായു ഗുണനിലവാര സൂചിക ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു.
ശനിയാഴ്ച വായുഗുണനിലവാര സൂചിക 1000ത്തിന് മുകളില്‍ കടന്നു. എക്യുഐ 300 ന് മുകളിലായാല്‍ വായു അപകടകരമാണെന്നാണര്‍ഥം. കഴിഞ്ഞ മാസം മുതലാണ് ലാഹോറില്‍ വായുവിന്റെ ഗുണനിലവാരം മോശമാകാന്‍ തുടങ്ങിയത്. പതിനായിരക്കണക്കിന് ആളുകളെയാണ് വിഷലിപ്തമായ പുകമഞ്ഞ് രോഗികളാക്കിയത്. പ്രധാനമായും കുട്ടികളേയും പ്രായമായവരേയും ആണ് ഇത് കൂടുതല്‍ ബാധിച്ചത്.
കാറ്റിന്റെ ദിശ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക് വിഷലിപ്തമായ വായുവിനെ എത്തിക്കുന്നു. എന്നിട്ടും ഇന്ത്യ ഈ പ്രശ്‌നത്തെ ഗൗരവമായി എടുക്കുന്നതായി തോന്നുന്നില്ലെന്ന് പഞ്ചാബ് പ്രവിശ്യയിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി അസ്മ ബൊഖാരി മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം ഗൗരവമായി കാണണമെന്ന് ജനങ്ങളോട് മന്ത്രി അഭ്യര്‍ഥിച്ചു. മലിനീകരണ പ്രശ്‌നത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വായുമലിനീകരണത്തില്‍ ഡല്‍ഹി ഒന്നാമതും ലാഹോര്‍ രണ്ടാം സ്ഥാനത്തുമാണ്.
അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പഞ്ചാബ് മന്ത്രി മറിയം ഔറംഗസേബ് ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. പുകമഞ്ഞിനെത്തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ ലാഹോറിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളുകള്‍ മൂന്ന് മാസത്തേയ്ക്ക് അടച്ചു. 16 മുതല്‍ 19 വരെയുള്ള മുഗള്‍ കാലഘട്ടത്തില്‍ പൂന്തോട്ടങ്ങളുടെ നഗരമായി അറിയപ്പെട്ടിരുന്ന ലാഹോര്‍ നഗരവല്‍ക്കരണവും ജനസംഖ്യാ വര്‍ധനവും മൂലം വായുമലിനീകരണം വര്‍ധിച്ചിരിക്കുകയാണ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates