വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിന് മുന്നോടിയായി വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പല്‍ അടച്ചു. അടുത്ത പോപ്പിനെ തെരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ ഒത്തുകൂടുന്ന ചുവന്ന വസ്ത്രധാരികളായ കര്‍ദിനാള്‍മാരെ സ്വാഗതം ചെയ്യാനായി സിസ്‌റ്റൈന്‍ ചാപ്പല്‍ ഒരുക്കുകയാണ്. മാര്‍പാപ്പ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബാലറ്റുകള്‍ കത്തിക്കുന്ന ചിമ്മിനി സ്ഥാപിക്കല്‍ തുടങ്ങി നിരവധി ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. ഇപ്പോള്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്നുള്ള ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിലാണ് സഭ.
പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് എത്ര കാലം നീണ്ടുനില്‍ക്കുമെന്നും പ്രവചിക്കാനാകില്ല. അടുത്ത കാലം വരെ മാര്‍പാപ്പയുടെ ധ്യാന ഗുരുവായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് കര്‍ദിനാള്‍ കാന്‍ഡലമെസ്സ. ഇദ്ദേഹം നയിക്കുന്ന ധ്യാനത്തോടെയാണ് കോണ്‍ക്ലേവ് തുടങ്ങുക. മെയ് 5 നും മെയ് 10 നും ഇടയില്‍ കോണ്‍ക്ലേവ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ക്ലേവ് ആരംഭിക്കുമ്പോള്‍, കര്‍ദ്ദിനാള്‍മാര്‍ വിശുദ്ധ വചനങ്ങള്‍ ചൊല്ലും, പിന്നാലെ ചാപ്പലിലേക്ക് കയറി രഹസ്യ സത്യപ്രതിജ്ഞയെടുക്കും. തുടര്‍ന്ന് സിസ്‌റ്റൈന്‍ ചാപ്പലിന്റെ കട്ടിയുള്ള ഇരട്ട വാതിലുകള്‍ അടയ്ക്കും. ധ്യാന ഗുരു 'എല്ലാവരും പുറത്തുവരൂ' എന്നര്‍ത്ഥമുള്ള 'എക്‌സ്ട്രാ ഓമ്‌നെസ്' എന്ന ലാറ്റിന്‍ വാക്കുകള്‍ ഉച്ചരിക്കും.
വോട്ടവകാശത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയുള്ള പരമ്പരാഗത രീതിയെന്ന നിലയില്‍ രഹസ്യമായി മാര്‍പാപ്പ തെരഞ്ഞെടുപ്പ് നടക്കുന്നത്. സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് കറുത്ത പുകയാണ് ഉയരുന്നതെങ്കില്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങില്‍ ഒരാള്‍ പോലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ്. നീണ്ട നടപടി ക്രമങ്ങള്‍ക്ക് ഒടുവില്‍ പോപ്പിനെ തെരഞ്ഞെടുത്താല്‍ വെളുത്ത പുക ഉയരുകയും മണികള്‍ മുഴങ്ങുകയും ചെയ്യും. ഫ്രാന്‍സിസ് പാപ്പായെ തെരഞ്ഞെടുത്ത 2013ലെ കോണ്‍ക്ലേവില്‍ പകുതിയിലേറെയും യൂറോപ്പില്‍ നിന്നുള്ള കര്‍ദിനാള്‍മാരായിരുന്നു. ഇത്തവണ യൂറോപ്പിന്റെ പ്രാതിനിധ്യം 39 ശതമാനമാണ്. അതില്‍ തന്നെ 17 പേര്‍ ഇറ്റലിക്കാരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates