പരമ്പരാഗത ജാപ്പനീസ് വിഭവമായ സൂഷി ഇഷ്ടപ്പെടുന്നവർ ഏറെയാണ്. യഥാർത്ഥ സൂഷി സ്വാദ് ആസ്വദിക്കാൻ കിട്ടുന്ന അവസരമൊക്കെ ഉപയോഗിക്കുന്നവരാണ് ഇവരിൽ ഏറെയും. എന്നാലിപ്പോൾ സൗജന്യമായി സൂഷി കിട്ടാൻ വേണ്ടി സ്വന്തം പേരുകൾ തന്നെ മാറ്റിയിരിക്കുകയാണ് തായ് വാനിലെ നൂറുകണക്കിന് ആളുകൾ. ഒരു റെസ്‌റ്റോറന്റ് പരസ്യത്തിന്റെ ഭാഗമായി നടത്തിയ ഫ്രീ സെയിലിന് അർഹരാകാൻ വേണ്ടിയായിരുന്നു ഈ വ്യാപക പേരുമാറ്റൽ.
സൂഷി വിഭവത്തിന്റെ പ്രധാന ഘടകമാണ് സാൽമൺ, അതുകൊണ്ടുതന്നെ പേരിൽ 'സാൽമൺ' എന്നുള്ളവർക്ക് ഫ്രീ സൂഷി എന്നാണ് റെസ്റ്റോറന്റിന്റെ വാഗ്ദാനം. ഒപ്പം വരുന്ന അഞ്ച് അതിഥികൾക്കും ഈ സൗജന്യം ലഭിക്കും. ഔദ്യോഗിക രേഖയിൽ പേര് കണ്ട് ബോധ്യപ്പെട്ടാൽ മാത്രമേ ഓഫറിന് അർഹതയുണ്ടാകൂ.
റെസ്റ്റോറന്റിന്റെ പ്രഖ്യാപനം കേട്ടപാടെ നൂറുകണക്കിന് ആളുകളാണ് പേര് മാറ്റാൻ ഔദ്യോഗിക വൃത്തങ്ങളെ സമീപിച്ചത്. പേരിനൊപ്പം സാൽമൺ എന്ന് ചേർത്ത് ഫ്രീ സൂഷി ആസ്വദിക്കാനായിരുന്നു പദ്ധതി. പേരുമാറ്റം കളിയല്ലെന്ന് അധികൃതർ ഓർമ്മപ്പെടുത്തിയിട്ടും പലരും തീരുമാനത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കിയില്ല.
തായ് വാനിലെ നിയമമനുസരിച്ച് മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ പേര് മാറ്റാനുള്ള അവസരം ലഭിക്കുകയില്ല. ചിലപ്പോൾ സാൽമൺ എന്ന് ചേർത്ത് പേരിൽ ജീവിതകാലം മുഴുവൻ അറിയപ്പെടേണ്ട അവസ്ഥയും ഉണ്ടായേക്കാം. പലരും പിന്നീട് പഴയ പേരിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് സാൽമൺ ചേർത്ത് പേരിട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates