PM Modi-Trump  file
World

വീണ്ടും ഇന്ത്യക്കു ചെക്ക് വച്ച് ട്രംപ്, ചബഹാര്‍ തുറമുഖത്തെ ഇളവുകള്‍ പിന്‍വലിച്ചു

തുറമുഖത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുള്ള ഇന്ത്യയ്ക്കത് കനത്ത അടിയാകും.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഇറാനിലുള്ള ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ പിന്‍വലിച്ച് യുഎസ്. പാകിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളുമായി വാണിജ്യ ഇടപാട് നടത്താന്‍ സഹായിക്കുന്ന തുറമുഖമാണ് ചബഹാര്‍. തുറമുഖത്തിന് നല്‍കിയ ഇളവുകള്‍ സെപ്റ്റംബര്‍ 29 മുതല്‍ പിന്‍വലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. തുറമുഖത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുള്ള ഇന്ത്യയ്ക്കത് കനത്ത അടിയാകും.

ഇറാനുമേല്‍ ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ചബഹാര്‍ തുറമുഖത്തിനും ട്രംപ് ഉപരോധപ്പൂട്ടിടുന്നത്. അമേരിക്ക ഇറാനുമേല്‍ 2018ല്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അതില്‍നിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു. തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്കത് വന്‍ ആശ്വാസവുമായിരുന്നു. ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍.

രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാര്‍ കരാര്‍) സ്ഥാപിക്കാനുള്ള ത്രികക്ഷി കരാറില്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഒപ്പുവച്ചിരുന്നു. 2016 മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശന വേളയിലായിരുന്നു അത്. ചബഹാറിലെ ഷാഹിദ് ബൈഹെഷ്തി ടെര്‍മിനലിന്റെ ആദ്യഘട്ട വികസനത്തില്‍ ഇന്ത്യ നിര്‍ണായക പങ്കാളിയുമായി. 2018 മുതല്‍ ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിനാണ് (ഐജിപിഎല്‍) തുറമുഖത്തിന്റെ നിയന്ത്രണം.

പാകിസ്ഥാനിലൂടെ കടക്കാതെ, അഫ്ഗാനിലേക്കും ഇറാനിലേക്കും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും തുടര്‍ന്ന് അവ വഴി റഷ്യയിലേക്കും യൂറോപ്പിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാര്‍ തുറമുഖം. 2014ല്‍ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വര്‍ഷ കരാറില്‍ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യന്‍ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഒരുക്കാന്‍ 250 മില്യന്‍ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്. തുറമുഖത്തിന് ഉപരോധം വരുന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളും തുലാസിലാകും. 2024-25ല്‍ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു.

5 ലക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയര്‍ത്തുകയാണ് ചബഹാറില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സജ്ജമാക്കുന്നതിലൂടെ ഇന്ത്യ. നിലവില്‍ ശേഷി ഒരുലക്ഷം ടിഇയു ആണ്. പുറമേ, ചബഹാറില്‍ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകും വിധം 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയും നിര്‍മിക്കുന്നുണ്ട്. ഇരു പദ്ധതികളും 2026 മധ്യത്തോടെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലുമാണ് ഇന്ത്യ.

പാകിസ്ഥാന്റെ തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖത്തിന്റെ നിയന്ത്രണം സ്വന്തമാക്കി അറബിക്കടലില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഗ്വാദറില്‍ നിന്ന് 140 കിലോമീറ്റര്‍ മാത്രം അകലെ, ഗള്‍ഫ് ഓഫ് ഒമാന്റെ തീരത്തുള്ള ചബഹാറിന്റെ നിയന്ത്രണം ഇന്ത്യ സ്വന്തമാക്കിയത്, ചൈനയ്ക്കും പാകിസ്ഥാനും വലിയ ക്ഷീണവുമായിരുന്നു. അമേരിക്ക ചബഹാറിന് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്നത് ഈ മേഖലയില്‍ ഇന്ത്യയ്ക്കുള്ള മുന്‍തൂക്കവും നഷ്ടപ്പെടുത്തും. ചരക്കുനീക്കത്തില്‍ പാക്കിസ്ഥാനത് നേട്ടവുമായേക്കും.

Setback for India; US revokes sanctions waiver linked to Iran's Chabahar Port

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല'; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്

രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, മുടി കൊഴിച്ചിൽ നിൽക്കും

'ആ കുട്ടി വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്; ബെഹ്‌റയെ വിളിച്ചത് പിടി തോമസല്ല, ഞാന്‍': ലാല്‍

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

SCROLL FOR NEXT