വാഷിംഗ്ടണ്‍: ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് (SpaceX)സ്റ്റാര്‍ഷിപ്പ്. ഇത് ഒമ്പതാമത്തെ പരീക്ഷണവിക്ഷേപണമായിരുന്നു. സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. എന്നാല്‍ വിക്ഷേപണം നടത്താന്‍ കഴിയാത്തത് തിരിച്ചടി അല്ലെന്നാണ് സ്‌പേസ് എക്‌സിന്റെ പ്രതികരണം. റോക്കറ്റ് അല്‍പ്പ സമയത്തിനുള്ളില്‍ കടലില്‍ പതിച്ചേക്കും.
മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്. സ്റ്റാര്‍ഷിപ്പിന്റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തേത് അഭിമാന ദൗത്യമായിരുന്നു.
2025 ജനുവരിയിലാണ് ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം നടന്നത്. മാര്‍ച്ച് ആറിലെ എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായില്ല. മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് അഗ്‌നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നു.
സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ കണ്ടെത്തിയത് വലിയ ഭീതി പരത്തുകയും ചെയ്തു. ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഇത്തവണ വ്യോമഗതാഗതം കുറവുള്ള സമയത്താണ് സ്റ്റാര്‍ഷിപ്പ് 9-ാം ഫ്‌ലൈറ്റ് ടെസ്റ്റ് നടത്തിയത്. സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് എട്ടിന് 885 നോട്ടിക്കല്‍ മൈലായിരുന്നു എയര്‍ക്രാഫ്റ്റ് ഹസാര്‍ഡ് സോണ്‍. ഇത്തവണത്തെ പരീക്ഷണ വിക്ഷേപണത്തിന് 1,600 നോട്ടിക്കല്‍ മൈലാക്കി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates