Taliban's New Law Legalises Slavery In Afghanistan ഫയൽ
World

അടിമത്തം നിയമവിധേയം, ചാട്ടവാറടി ഉള്‍പ്പെടെ ശാരീരിക ശിക്ഷ, കുറ്റം തെളിയിക്കാന്‍ 'കുമ്പസാരവും'; താലിബാന്‍ ക്രിമിനല്‍ നിയമത്തില്‍ പ്രാകൃത വ്യവസ്ഥകളും

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമത്തില്‍ അടിമത്തം നിയമവിധേയമാക്കുന്നത് അടക്കമുള്ള പ്രാകൃത വ്യവസ്ഥകള്‍.

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമത്തില്‍ അടിമത്തം നിയമവിധേയമാക്കുന്നത് അടക്കമുള്ള പ്രാകൃത വ്യവസ്ഥകള്‍. പുതിയ നിയമം ഏറ്റവും അടിസ്ഥാനപരമായ പല സുരക്ഷാ സംവിധാനങ്ങളെയും ഇല്ലാതാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകനാകാനുള്ള അവകാശമോ, മൗനം പാലിക്കാനുള്ള അവകാശമോ, തെറ്റായ ശിക്ഷയ്ക്ക് നഷ്ടപരിഹാരം നേടാനുള്ള അവകാശമോ ഈ രേഖ അംഗീകരിക്കുന്നില്ല.

കുറ്റം തെളിയിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായി 'കുമ്പസാരം', 'സാക്ഷ്യം' എന്നിവയെ ഇത് വളരെയധികം ആശ്രയിക്കുന്നു. സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യകത നീക്കം ചെയ്യുകയും കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞതും കൂടിയതുമായ ശിക്ഷകള്‍ നിശ്ചയിക്കുന്നതിലും നിയമം പരാജയപ്പെടുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജഡ്ജിമാരും നിയമപാലകരും മേല്‍നോട്ടമോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥയില്‍, ഈ നിയമ ചട്ടക്കൂട് പീഡനത്തിനും നിര്‍ബന്ധിത കുറ്റസമ്മതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.ചാട്ടവാറടി ഉള്‍പ്പെടെയുള്ള ശാരീരിക ശിക്ഷയുടെ ഉപയോഗവും ഈ നിയമം ഗണ്യമായി വികസിപ്പിക്കുന്നു.

2026 ജനുവരി 4 ന് പുറപ്പെടുവിച്ചതും രാജ്യത്തുടനീളമുള്ള കോടതികളിലേക്ക് വിതരണം ചെയ്തതുമായ പുതിയ വ്യവസ്ഥകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരാണെന്നും പൗരന്‍മാര്‍ക്ക് മേല്‍ കടുത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നുമാണ് ആക്ഷേപം. താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ആണ് 119 ആര്‍ട്ടിക്കിളുകളുള്ള ഈ നിയമം അംഗീകരിച്ചത്.

സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ച് ഒരു കുറ്റത്തിനു വിവിധ ശിക്ഷകള്‍ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. മതപണ്ഡിതന്‍മാര്‍ അടങ്ങിയ വിഭാഗത്തെ നിയമത്തിനു അതീതരാക്കി നിര്‍ത്തിയെന്നും ആരോപണമുണ്ട്. അഫ്ഗാന്‍ സമൂഹത്തെ മതപണ്ഡിതര്‍, വരേണ്യവര്‍ഗം, മധ്യവര്‍ഗം, താഴ്ന്ന വര്‍ഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായി വിഭജിക്കുന്ന ആര്‍ട്ടിക്കിള്‍ 9 ആണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ഈ സംവിധാനത്തില്‍, ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ പ്രതിയുടെ സാമൂഹിക നിലയെ അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിക്കുന്നത്. ഒരു ഇസ്ലാമിക മത പണ്ഡിതന്‍ കുറ്റകൃത്യം ചെയ്താല്‍, ഉപദേശത്തില്‍ നടപടി ഒതുക്കും. കുറ്റവാളി ഉന്നത വിഭാഗത്തില്‍ പെട്ടയാളാണെങ്കില്‍, കോടതിയിലേക്ക് വിളിപ്പിച്ച് ഉപദേശം നല്‍കും. മധ്യവര്‍ഗത്തില്‍പ്പെടുന്ന വ്യക്തിയെങ്കില്‍ തടവ് ശിക്ഷ ലഭിക്കും. 'താഴ്ന്ന വിഭാഗത്തില്‍' നിന്നുള്ള വ്യക്തികള്‍ക്ക്, ശിക്ഷ തടവ്, ശാരീരിക പീഡനത്തിനും വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, സ്ത്രീ സ്വാതന്ത്ര്യത്തിന് വലിയ വിലക്കുകളും നിയമം വ്യവസ്ഥ ചെയ്യുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അനുവാദമില്ലാതെ പുറത്തിറങ്ങിയാല്‍ സ്ത്രീകളെ ശിക്ഷിക്കാം. സ്ത്രീകളെ തല്ലുന്നതിനും പുതിയ നിയമം ഭര്‍ത്താക്കന്‍മാര്‍ക്ക് അനുവാദം നല്‍കുന്നു. സ്ത്രീകളെ ഭര്‍ത്താക്കന്‍മാര്‍ക്ക് തല്ലാമെന്നും എന്നാല്‍ പരിക്കേറ്റാല്‍ 15 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പുതിയ നിയമത്തിലുണ്ട്. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകള്‍ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനു പോയാല്‍ അവര്‍ മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവരും.

കുട്ടികള്‍ക്ക് എതിരായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ പോലും നിസാരവത്കരിക്കുന്നതാണ് മറ്റ് വ്യവസ്ഥകള്‍. ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകുന്ന അക്രമം മാത്രമാണ് നിയമം കുറ്റകരമായി കാണുന്നത്. പ്രാര്‍ത്ഥന മുടക്കിയാല്‍ 10 വയസ്സ് പ്രായമുള്ള കുട്ടികളെ പിതാവിന് ശിക്ഷിക്കാനും നിയമം അനുവാദം നല്‍കുന്നു.

അധാര്‍മികതയുടെ സ്ഥലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാന്‍ സാധിക്കുമെന്നതാണ് മറ്റൊരു വ്യവസ്ഥ. 'അധാര്‍മികതയുടെ സ്ഥലങ്ങള്‍' എന്താണെന്ന് കൃത്യമായ നിര്‍വചനവും നിയമത്തിലില്ല. ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന നിലയുണ്ടാകുമെന്നാണ് വിമര്‍ശനം. 'നൃത്തം' ചെയ്യുന്നതും നൃത്തം കാണുന്നതും നിയമവിരുദ്ധമാക്കുന്നു, എന്നാല്‍ നൃത്തമായി കണക്കാക്കുന്നത് എന്താണെന്ന് വിശദീകരിക്കുന്നില്ല. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ അന്യായമായ അറസ്റ്റുകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കാരണമാകുമെന്നാണ് വിമര്‍ശനം.

Taliban's New Law Legalises Slavery In Afghanistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇത് എത്രാമത്തെ ഭര്‍ത്താവ് ആണ്?; അധിക്ഷേപ കമന്റിട്ട യുവതിയ്ക്ക് ദിയയുടെ മറുപടി

'ഇടിച്ചുകയറി വന്ന് ഹിറ്റായി, ജനപ്രിയമായി മാറിയ പാതിരാക്കിളി...'; ടൈറ്റിൽ സോങ് ആക്കിയതിന് പിന്നിലെ കാരണം

PSC|സർക്കാർ ജോലിയിൽ താൽപ്പര്യമുണ്ടോ? നാളെ രാത്രി 12 മണിവരെ അപേക്ഷിക്കാം, 200 ലേറെ തസ്തികകളിലായി നിരവധി ഒഴിവുകൾ

സമസ്തയുടെ പൊതുവേദികളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതം, പിന്നില്‍ മുന്‍കാല ചരിത്രം അറിയാത്തവര്‍: സത്താര്‍ പന്തലൂര്‍

SCROLL FOR NEXT