യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നീക്കം. കീവിലും പരിസര നഗരങ്ങളിലുമായി നിരവധി സിവിലിയന്‍മാര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ഇവരെ ഒഴിപ്പിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വീണ്ടും ചര്‍ച്ചയ്ക്ക് നീക്കം. ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.
ആക്രമണം രൂക്ഷമായ നഗരങ്ങളില്‍ നിന്ന് സിവിലയന്‍മാരെ ഒഴിപ്പിക്കാനും ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കാനുള്ള അവസരം നല്‍കണമെന്നാണ് യുക്രൈന്‍ നിലവില്‍ ആവശ്യപ്പെടുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം, .യുക്രൈന്റെ നാല് വശത്തുനിന്നുമുള്ള ആക്രമണമാണ് റഷ്യന്‍ ഇപ്പോള്‍ നടത്തിവരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കീവിന് നേരെയുള്ള വ്യോമാക്രമണത്തില്‍ ജനവാസ മേഖലയില്‍ വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പോളണ്ട് അതിര്‍ത്തിയുമായി ചേര്‍ന്ന് കിടക്കുന്ന യുക്രൈന്റെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയിരുന്നു.
കിഴക്കന്‍ കീവിലെ ആക്രമണത്തില്‍ ബ്രവറി ടൗണ്‍ കൗണ്‍സിലര്‍ കൊല്ലപ്പെട്ടു. ഒന്‍പത് നില കെട്ടിടത്തിലേക്ക് നടന്ന ആക്രണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കീവിന്റെ പ്രാന്തപ്രദേശങ്ങളായ ഇര്‍പിന്‍, ബുച്ച, ഹോസ്റ്റ്‌മെല്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ ഷെല്ലാക്രമണമാണ് നടക്കുന്നത്.
അതേസമയം, കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കിയിട്ടും റഷ്യന്‍ സേനയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ലെന്നും യുക്രൈന്റെ ഭാഗത്തുനിന്ന് വന്‍ ചെറുത്തുനില്‍പ്പാണ് നടക്കുന്നതെന്നും യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates