ന്യൂയോര്‍ക്ക്: ആഗോള വിപണി ആശങ്കയോടെ കാത്തിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന മൂന്നുലക്ഷം കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20 ശതമാനം തീരുവയാകും ട്രംപ് ചുമത്തുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ട്രംപ് പ്രഖ്യാപിക്കുന്ന പകരച്ചുങ്കം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
താരിഫ് തന്ത്രം അന്തിമമാക്കാന്‍ ട്രംപ് തന്റെ വ്യാപാര ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്കും അമേരിക്കന്‍ തൊഴിലാളികള്‍ക്കും പ്രയോജനകരമായ ഒരു ഇടപാടിനാണ് ട്രംപ് രൂപം നല്‍കാന്‍ പോകുന്നത്. വരുംമണിക്കൂറില്‍ തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താരിഫുകളുടെ വ്യാപ്തിയെക്കുറിച്ചുള്ള സൂചനകള്‍ ലീവിറ്റ് നല്‍കി. കുറഞ്ഞ നിരക്കുകള്‍ ആഗ്രഹിക്കുന്ന വിദേശ സര്‍ക്കാരുകളുമായും കോര്‍പ്പറേറ്റ് നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ട്രംപ് തയ്യാറാണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റിന്റെ പദ്ധതികളെക്കുറിച്ച് നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'തീര്‍ച്ചയായും, പ്രസിഡന്റ് എപ്പോഴും ഒരു തീരുമാനം എടുക്കാന്‍ തയ്യാറാണ്, ഒരു നല്ല ചര്‍ച്ചയ്ക്ക് എപ്പോഴും ലഭ്യമാണ്, എന്നാല്‍ മുന്‍കാലങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിലും അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ന്യായമായ കരാര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അദ്ദേഹം വളരെയധികം ശ്രദ്ധാലുവാണ്,' - ലീവിറ്റ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് (പ്രാദേശിക സമയം) വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
ജനുവരി 20 ന് പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കാനഡ, മെക്‌സിക്കോ, ചൈന എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി ട്രംപ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടിരുന്നു. പകരച്ചുങ്കം പ്രാബല്യത്തിലായാല്‍ യുഎസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
സമുദ്രോല്‍പ്പന്ന- വസ്ത്ര കയറ്റുമതി രംഗങ്ങളില്‍ കേരളത്തിലും ആശങ്കയുണ്ട്. യുഎസിന് തീരുവ ചുമത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെം പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. യുഎസ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. സമാനമായ നിലയില്‍ ഇറക്കുമതിക്ക് തീരുവ ചുമത്തിയാല്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates