കാലിഫോര്‍ണിയ : മെറ്റയുടെ ഭാവിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ അവയുടെ ഉപഭോക്തൃ ആരോഗ്യ ശേഷികളിലൂടെ എതിരാളികളില്‍ നിന്നും വ്യത്യസ്തമാകുമെന്ന് മെറ്റാ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡ് ചീഫ് എഐ ഓഫീസര്‍ അലക്സാണ്ടര്‍ വാങ്. വരും കാലത്ത് ആരോഗ്യം നിര്‍ണായക മേഖലയായി മാറുമെന്നും അലക്‌സാണ്ടര്‍ വാങ് പ്രതികരിച്ചു.
ഓപണ്‍ എഐ, ആന്ത്രോപിക്, ഗൂഗിള്‍, ഡീപ്‌മൈന്റ് തുടങ്ങിയ എഐ രംഗത്തെ എതിരാളികളെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു വാങിന്റെ പ്രതികരണം. നിലവില്‍ മെറ്റയില്‍ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് വാങ്.
ഡാറ്റാ ലേബലിങ്, എഐ പരിശീലന സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന പ്രമുഖസ്ഥാപനമായ സ്‌കെയില്‍ എഐയുടെ സ്ഥാപകനും സിഇഒയുമായ അലക്‌സാണ്ടര്‍ വാങ് മെറ്റയുമായി അടുത്ത സഹകരണത്തിലാണ്. 2025 ല്‍ മെറ്റ 14 ബില്യണ്‍ ഡോളര്‍ ( ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം കോടിയിലധികം ഇന്ത്യന്‍ രൂപ) സ്‌കെയിലില്‍ നിക്ഷേപിച്ചിരുന്നു. നിലവില്‍ മെറ്റയുടെ അടുത്ത തലമുറ എഐ സംവിധാനങ്ങളുള്‍പ്പെട്ട മെറ്റ സൂപ്പര്‍ഇന്റലിജന്‍സ് ലാബുകളുടെ (MSL) ചുമതലയും വാങിനാണ്.
'ഇതുവരെയുള്ള എഐ മോഡലുകളുടെ ശേഷി വിലയിരുത്തിയിരുന്നത് കൃത്യത, വേഗത, യുക്തിചിന്ത, കോഡിങ് കഴിവുകള്‍, ഭാഷാ നൈപുണ്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഭാവിയില്‍ ഉപഭോക്താക്കളുമായി ദീര്‍ഘകാലം ഇടപഴകുന്ന എഐ സംവിധാനങ്ങള്‍ക്ക് വിശ്വാസ്യതയും മാനസിക - ഡിജിറ്റല്‍ ആരോഗ്യവും നിര്‍ണായകമാകുമെന്ന്' വാങ് ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കി സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മോഡലുകളായിരിക്കും മുന്നിലെത്തുകയെന്നും അലക്‌സാണ്ടര്‍ വാങ് പറഞ്ഞു.
എഐ മോഡലുകളുടെ ആരോഗ്യം നിർണയിക്കുന്നതില്‍ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കാതിരിക്കുക, അപകടകരമായ നിര്‍ദേശങ്ങള്‍ നല്‍കാതിരിക്കുക, ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുക, ദീര്‍ഘകാല സംഭാഷണങ്ങളില്‍ സ്ഥിരത പുലര്‍ത്തുക, പക്ഷപാതപരമായ പ്രതികരണങ്ങള്‍ കുറയ്ക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. എത്ര ശക്തമായ മോഡലായാലും വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ ഉപയോക്താക്കള്‍ അത് ഉപേക്ഷിക്കുമെന്നും വാങ് ചൂണ്ടിക്കാട്ടി.
സാങ്കേതിക ലോകത്ത് എഐയുടെ അതിവേഗ വളര്‍ച്ചയ്‌ക്കൊപ്പം സുരക്ഷാ ആശങ്കകളും ഉയരുന്നുണ്ട്. ഡീപ്ഫേക്ക്, തെറ്റായ വിവര പ്രചരണം, സ്വകാര്യത ലംഘനം, തൊഴില്‍ മേഖലകളിലെ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരുകളെയും നിയന്ത്രണ ഏജന്‍സികളെയും ആശങ്കപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ 'സുരക്ഷിത എഐ' വികസിപ്പിക്കുന്നതില്‍ വലിയ നിക്ഷേപങ്ങള്‍ നടക്കുകയാണ്. മെറ്റ, ഓപണ്‍ എഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആന്ത്രോപിക് തുടങ്ങിയ കമ്പനികള്‍ ഇതിനായി പ്രത്യേക ഗവേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും ബുദ്ധിമാനായ മോഡല്‍ ഏത് എന്നതിനു പകരം ഏറ്റവും വിശ്വസനീയവും ആരോഗ്യകരവുമായ മോഡല്‍ ഏതെന്നായിരിക്കും ഭാവിയിലെ നിര്‍ണായക ചോദ്യമെന്നും ശക്തിയുള്ള മോഡലുകളേക്കാള്‍ ഉത്തരവാദിത്തമുള്ള സംവിധാനങ്ങള്‍ക്ക് ഭാവിയില്‍ മുന്‍തൂക്കം ലഭിക്കുമെന്നും വാങ് പറഞ്ഞു.
ഇപ്പോള്‍ ലോകത്തെ എഐ വിപണി നിയന്ത്രിക്കുന്നത് പ്രധാനമായും ഓപണ്‍ എഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനി,ആന്ത്രോപിക്കിന്റെ ക്ലോഡ്, മെറ്റയുടെ ലാമ (Llama) മോഡലുകള്‍ എന്നിവയാണ്. ഓരോ കമ്പനിയും കൂടുതല്‍ ബുദ്ധിശക്തിയുള്ളതും കൂടുതല്‍ മനുഷ്യസമാനമായതുമായ എഐ മോഡലുകള്‍ വികസിപ്പിക്കാനുള്ള മത്സരത്തിലാണ്.
The future of AI is in Health; Meta's future plan is different; It will be a challenge for Open AI and Google, says Meta's highest-paid employee
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates