ഡോണൾഡ് ട്രംപ് (Donald Trump) ഫയൽ
World

യുഎസ് പ്രവേശന വിലക്ക് വ്യാപിപ്പിക്കാന്‍ ട്രംപ്; പട്ടികയില്‍ 36 രാജ്യങ്ങള്‍

ജൂണ്‍ ആദ്യവാരത്തില്‍ പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശനം നിഷേധിച്ചും ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിറക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള വിദേശ പൗരന്‍മാരുടെ പ്രവേശന വിലക്ക് ഡോണൾഡ് ട്രംപ് സര്‍ക്കാര്‍ (Donald Trump) വ്യാപിപ്പിക്കുന്നു. 36 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ ആദ്യവാരത്തില്‍ പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശനം നിഷേധിച്ചും ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്.

യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായി റോയിട്ടേഴ്‌സാണ് വിലക്ക് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്. പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് വിസ വിലക്കുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കും എന്നാണ് വിവരം. പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച മെമ്മോ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒപ്പുവച്ച് അറിയിപ്പില്‍ രാജ്യങ്ങള്‍ക്ക് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ബുധനാഴ്ച മുതല്‍ ആണ് മെമ്മോ പ്രാബല്യത്തിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ പട്ടികയില്‍ 25 ഓളം രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഘണ്ഡത്തില്‍ നിന്നുള്ളതാണെന്നാണ് വിവരം. ഇതില്‍ അമേരിക്കയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഈജിപ്ത്, ജിബൂട്ടി, കരീബിയന്‍ രാജ്യങ്ങള്‍, മധ്യേഷ്യന്‍, പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ല. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ അടുത്ത ഘട്ടമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

നേരത്ത, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസ് പ്രവേശനം പൂര്‍ണമായി വിലക്കിയിരുന്നത്. ബറൂണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്മെനിസ്ഥാന്‍, വെനസ്വേല തുടങ്ങിയ 7 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഭാഗിക വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കിയിരുന്നു. തീവ്രവാദ ബന്ധം, യുഎസ് കുടിയേറ്റ നിര്‍വ്വഹണ സംവിധാനങ്ങളുമായുള്ള നിസ്സഹകരണം, നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്ത എന്നിവ ചൂണ്ടിക്കാട്ടി 'വളരെ ഉയര്‍ന്ന അപകടസാധ്യത' ഉള്ള രാജ്യങ്ങള്‍ എന്ന് വിശേഷണമാണ് വിലക്കിന് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും