വാഷിങ്ടണ്‍: ഇറാനെതിരെ പടനീക്കവുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി. യുദ്ധവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും യുഎസ് സൈനികര്‍ ഇറാനില്‍ നിന്ന് ഉടന്‍ പിന്‍വാങ്ങണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയില്‍ പാസായി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് ജനപ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തെന്നത് ശ്രദ്ധേയമാണ്. 208നെതിരെ 215 വോട്ടുകള്‍ക്ക് പാസായ പ്രമേയം ഉപരിസഭയായ സെനറ്റിലേക്ക് കൈമാറി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ തന്നെ ഈ പ്രമേയം പാസായത് ട്രംപിനെതിരായ അസാധാരണ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ ട്രംപിന്റെ ഇറാന്‍ യുദ്ധനയത്തിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളിലും അസ്വസ്ഥത വര്‍ധിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രമേയപ്രകാരം, കോണ്‍ഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനിക ശക്തി ഉപയോഗിക്കാന്‍ അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെങ്കില്‍, ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. അമേരിക്കന്‍ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണെന്ന വാദമാണ് പ്രമേയത്തിന്റെ അടിസ്ഥാനം.
മൂന്ന് മാസം മുമ്പ് ആരംഭിച്ച ഇറാന്‍ സംഘര്‍ഷം യുഎസില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. യുദ്ധം മൂലം ഇന്ധനവില ഉയരുകയും സാമ്പത്തിക സമ്മര്‍ദം വര്‍ധിക്കുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധവും ശക്തമായി. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് യുദ്ധം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന വിമര്‍ശനവും ശക്തമാണ്. ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ ട്രംപിന് വ്യക്തമായ ദീര്‍ഘകാല തന്ത്രമില്ലെന്നും, യുദ്ധം അമേരിക്കയെ മറ്റൊരു ദീര്‍ഘകാല സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്നും ആരോപിച്ചു.
ട്രംപിന്റെ ഇറാനിലെ യുദ്ധ അധികാരം നിയന്ത്രിക്കാന്‍ മുമ്പും നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവ പരാജയപ്പെടുകയോ സഭാ നേതൃത്വത്തിന്റെ ഇടപെടലിലൂടെ വോട്ടെടുപ്പ് ഒഴിവാക്കപ്പെടുകയോ ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സമാനമായ ഒരു പ്രമേയം ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴാണ് ആദ്യമായി അത് സഭയില്‍ പാസാകുന്നത്. പ്രതിനിധി സഭയില്‍ പാസായ പ്രമേയം ഉടന്‍ നിയമമാകില്ല. ഇനി അത് സെനറ്റില്‍ പാസാകണം. സെനറ്റില്‍ പ്രാഥമിക പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ വോട്ടെടുപ്പ് നടന്നിട്ടില്ല.
സെനറ്റും പ്രമേയം പാസാക്കിയാല്‍ അത് ട്രംപിന്റെ യുദ്ധാധികാരത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ വലിയ തര്‍ക്കത്തിലേക്ക് നയിക്കാം. സെനറ്റില്‍ പാസായാലും പ്രമേയത്തെ പ്രസിഡന്റിന് വീറ്റോ ചെയ്യാനാകും. എന്നാല്‍ പ്രസിഡന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ എത്രത്തോളം സ്വതന്ത്രമായി സൈനിക നടപടി സ്വീകരിക്കാമെന്നും കോണ്‍ഗ്രസിന്റെ അധികാരം എവിടെ തുടങ്ങുന്നുവെന്നും സംബന്ധിച്ച നിയമപോരാട്ടത്തിനും ഇത് വഴിവെച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates