യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകള്‍ ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഗാസയെ യുഎസ് ഏറ്റെടുക്കുമെന്നതായിരുന്നു ഈ ഗണത്തില്‍പെടുന്ന ട്രംപിന്റെ ആദ്യ പ്രസ്താവന. ഫെബ്രുവരി നാലിലെ ഈ പ്രതികരണത്തിന് പിന്നാലെ പലതവണ ഇക്കാര്യം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസിന് ശനിയാഴ്ച വരെ സമയപരിധി നല്‍കിക്കൊണ്ട് യുഎസ് പ്രസിഡന്റ് നടത്തിയ പ്രതികരണത്തിലും സമാനമായ നിലപാട് ചൂണ്ടിക്കാട്ടിയിരുന്നു.
''ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും, ഞങ്ങള്‍ ഇത് സ്വന്തമാക്കും, അപകടകരമായ, പൊട്ടിത്തെറിക്കാത്ത ബോംബുകളും മറ്റ് ആയുധങ്ങളും നിര്‍വീര്യമാക്കുന്ന ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കും. ഞങ്ങള്‍ ആ ഭാഗം ഏറ്റെടുക്കാന്‍ പോകുകയാണ്, ഞങ്ങള്‍ അത് വികസിപ്പിക്കും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഇത് മുഴുവന്‍ പശ്ചിമേഷ്യയ്ക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും'' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഗാസയില്‍ ഊന്നിക്കൊണ്ട് നിരന്തരം ട്രംപ് മുന്നോട്ട് വയ്ക്കുന്ന പ്രസ്താവനകള്‍ക്കു പിന്നില്‍ പശ്ചിമേഷ്യയില്‍ ട്രംപിനും മരുമകന്‍ ജെറാഡ് കുഷ്‌നറിനുമുള്ള വലിയ ബിസിനസ് താത്പര്യങ്ങളുണ്ടെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് സമാനമായിരുന്നു ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ജെറാഡ് കുഷ്‌നര്‍ പങ്കുവച്ചതും. 'ജീവിതം കെട്ടിപ്പടുക്കുന്നതിന് വിലപ്പെട്ട ഇടം എന്നായിരുന്നു' എന്നായിരുന്നു പശ്ചിമേഷ്യയെക്കുറിച്ചുള്ള ആ പരാമര്‍ശം.
പശ്ചിമേഷ്യയിലെ ട്രംപിന്റെ ബിസിനസ് താത്പര്യങ്ങള്‍
ഡോണള്‍ഡ് ട്രംപിന്റെ മക്കളായ എറിക്, ഡോണള്‍ഡ് ജൂനിയര്‍ എന്നിവര്‍ നയിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് - ഹോട്ടല്‍ ബിസിനസിന് താത്പര്യമുള്ള മേഖലയാണ് പശ്ചിമേഷ്യ. സൗദി അറേബ്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡാര്‍ ഗ്ലോബലുമായി നിരവധി കരാറുകളാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ പങ്കിടുന്നത്. ഒമാനില്‍ അത്യാഡംബര ഹോട്ടലുകള്‍, ഗോള്‍ഫ് റിസോര്‍ട്ട്, ജിദ്ദ, ദുബായ് എന്നിവിടങ്ങളില്‍ ട്രംപ് ടവര്‍ പദ്ധതികള്‍ എന്നിവയും ഈ കരാറില്‍ ഉള്‍പ്പെടുന്നു.
ദുബായില്‍ 2017 ല്‍ തന്നെ ട്രംപ് ആഡംബര ഗോള്‍ഫ് ക്ലബ് ആരംഭിച്ചിരുന്നു. യുഎഇയിലെ ശതകോടീശ്വരനും വ്യവസായിയുമായ ഹുസൈന്‍ സജ്വാനിയുടെ ഡിഎഎംഎസിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. ഈ സഹകരണം വ്യാപിപ്പിക്കും എന്നതിന്റെ സൂചനയായിരുന്നു ജനുവരിയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്.
യുഎസിലുടനീളം പുതിയ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഡിഎഎംഎസി നടത്തുമെന്നായിരുന്നു ട്രംപ് - ഹുസൈന്‍ സജ്വാനി എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പശ്ചിമേഷ്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വലിയ വളര്‍ച്ചയില്‍ ട്രംപ് സ്ഥാപനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന രീതിയില്‍ എറിക് ട്രംപ് നടത്തിയ പ്രതികരണങ്ങളും വന്‍ ബിസിനസ് പദ്ധതികള്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചനകളാണ് എന്നാണ് വിലയിരുത്തല്‍.
സൗദിയും ട്രംപും
ഡാര്‍ ഗ്ലോബലുമായുള്ള സഹകരണത്തിന് ഒപ്പം തന്നെ സൗദിയില്‍ ഏറെ പ്രസിദ്ധമായതും വിവാദങ്ങളില്‍ ഉള്‍പ്പെട്ടതുമായ കായിക മേഖലാ സ്ഥാപനമായ എല്‍ഐവി ഗോള്‍ഫുമായും ട്രംപ് ഗ്രൂപ് സഹകരിക്കുന്നുണ്ട്. ലോകമെമ്പാടും നിരവധി ഗോള്‍ഫ് കോഴ്സുകള്‍ സ്വന്തമായുള്ള ട്രംപ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളില്‍ എല്‍ഐവിയുടെ സാമ്പത്തിക സഹകരണം വ്യക്തമാണ്.
ഇതിനൊപ്പം കുഷ്നറുടെ സ്വന്തം സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അഫിനിറ്റി പാര്‍ട്ണേഴ്സ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) എന്നറിയപ്പെടുന്ന സൗദി അറേബ്യയുടെ പരമാധികാര സാമ്പത്തിക ഇടപാട് സ്ഥാപനവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയര്‍മാനായ പിഐഎഫിന് 2 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് അഫിനിറ്റിയിലുള്ളത്.
ഇതിന് പുറമെ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ലുനേറ്റും ഉള്‍പ്പെടെയുള്ള പ്രമുഖ പശ്ചിമേഷ്യന്‍ നിക്ഷേപകരും അഫിനിറ്റിയുമായി സഹകരിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് കമ്പനിയായ ഫീനിക്‌സ് ഹോള്‍ഡിങ്‌സ്, ഷ്‌ലോമോ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള ഇസ്രയേല്‍ സ്ഥാപനങ്ങളുമായി കുഷ്‌നറും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
ട്രംപും പശ്ചിമേഷ്യന്‍ താത്പര്യങ്ങളും
ഗാസയുള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ ട്രംപിന് ബിസിനസ് താത്പര്യങ്ങളാണെന്നാണ് ആഗോള തലത്തില്‍ ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍. പ്രസിഡന്റ് പദവിയിലെ ആദ്യ കാലയളവില്‍ ട്രംപ് തന്റെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ ട്രംപ് കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പശ്ചിമേഷ്യയിലെ തന്റെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ കുഷ്‌നര്‍ ഇക്കാലയളവ് ഉപയോഗിച്ചതായാണ് പ്രധാന വിമര്‍ശനങ്ങള്‍. സൗദി രാജകുടുംബവുമായുള്ള കുഷ്‌നറുടെ ബന്ധം ഇതില്‍ സജീവമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates