വാഷിങ്ടണ്‍: റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കുകയ ലക്ഷ്യമിട്ടുള്ള കൂടിക്കാഴ്ച ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്. ഇരുപതിന സമാധാന പദ്ധതിയില്‍ പുരോഗതിയുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും പ്രതികരിച്ചു.
എല്ലാ വിഷയങ്ങളിലും വിശദമായ ചര്‍ച്ച നടത്തിയെന്ന് ട്രംപ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി മാറിക്കഴിഞ്ഞ യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. വെടിനിർത്തൽ ചർച്ച അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ഒന്നോ രണ്ടോ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ട്. ഡോണ്‍ബാസില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായതായി സെലന്‍സ്‌കി പറഞ്ഞു. തുടര്‍ന്നുള്ള നടപടി ക്രമങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്തു. ശാശ്വതമായ സമാധാനം കൈവരിക്കുന്നതിന് സുരക്ഷാ ഉറപ്പുകള്‍ നിര്‍ണായകമാണ്. ചര്‍ച്ചകളുമായി തുടര്‍ന്നും സഹകരിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു. ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി യുക്രൈന്‍, യുഎസ് പ്രതിനിധികള്‍ അടുത്തയാഴ്ച യോഗം ചേരുമെന്നും സെലന്‍സ്‌കി അറിയിച്ചു.
ജനുവരിയില്‍ വാഷിങ്ടനില്‍ യുക്രൈന്‍, യൂറോപ്യന്‍ നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ട്രംപ് സമ്മതിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ടെലഫോണില്‍ സംസാരിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന്, രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. മികച്ച സംഭാഷണമായിരുന്നുവെന്ന് ട്രംപും ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് റഷ്യയും പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates